മനസില്‍ സ്നേഹം നന്മയും കാത്തുസൂക്ഷിക്കുന്ന മനുഷ്യരുള്ള പ്രദേശങ്ങളില്‍ മാത്രമേ വറ്റാത്ത തോടുകള്‍ ഒഴുകുകയുള്ളൂ എന്നും കാസര്‍കോഡ് ജില്ലയിലെ മാങ്ങാട് അത്തരമൊരു ഗ്രാമമാണെന്നും പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം. മാങ്ങാടിന്റെ സാഹിത്യത്തറവാട്ടില്‍ നിന്ന് അക്ഷരകൈരളിയുടെ മുറ്റത്തേക്ക് കാലെടുത്ത് വയ്ക്കുന്ന സുരേഷ്ബാബു മാങ്ങാടിന്റെ ‘ഗൌതമനും പരേതാത്മാവും’ എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സന്തോഷ് എച്ചിക്കാനം.
സുരേഷ്ബാബുവിന്റെ ആദ്യസമാഹാരമായ ‘ഗൌതമനും പരേതാത്മാവും’ എന്ന പുസ്തകം മദിരാശി സര്‍വകലാശാല മലയാളവിഭാഗം അധ്യക്ഷന്‍ ഡോക്ടര്‍ സി.ജെ. രാജേന്ദ്രബാബുവിന് നല്‍കിക്കൊണ്ടാണ് സന്തോഷ് എച്ചിക്കാനം പുസ്തകപ്രകാശനം നിര്‍വഹിച്ചത്. തുടര്‍ന്ന് ഡോ. പി.എം. ഗിരീഷ് പുസ്തകത്തെ അവതരിപ്പിച്ചു.
പ്രകാശനച്ചടങ്ങിനോട് അനുബന്ധിച്ച് ‘കഥയിലെ കാലം’ എന്ന വിഷയത്തെ അധികരിച്ച് അംബികാസുതന്‍ മാങ്ങാട് സംസാരിച്ചു. ഓര്‍മ്മകളാണ് എഴുത്തുകാരുടെ കരുത്തെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
പ്രകാശനച്ചടങ്ങില്‍ പ്രസിദ്ധ വ്യവസായിയായ ഗോകുലം ഗോപാലന് മുഖ്യാതിഥിയായിരുന്നു. മദിരാശി കേരള സമാജം പ്രസിഡന്റ് പി.എം.ആര് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ.ജെ. ജയകുമാര്‍, കെ.എ. ജോണി, മനോജ് മാത്യു, കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്, ജോസ് കടവന്‍, നൌഷാദ് ഒലീവ്, വി. എച്ച്. നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.
ചെന്നൈ|
WEBDUNIA|
പ്രശസ്ത സാഹിത്യകാരനായ അംബികാസുതന്‍ മാങ്ങാടിന്റെയും അന്തരിച്ച ബാലകൃഷ്ണന് മാങ്ങാടിന്റെയും സഹോദരീപുത്രനാണ്, ചെന്നൈയില്‍ ഗോകുലം ഗ്രൂപ്പില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുന്ന സുരേഷ്ബാബു മാങ്ങാട്.