ജോസ് പ്രകാശിന്‍റെ അവസാന ലേഖനം നെറ്റില്‍ തരംഗം!

WEBDUNIA|
ഈ ക്രിസ്മസിന് ഞാന്‍ ദൈവത്തോടൊപ്പം സ്വര്‍ഗത്തിലായിരിക്കുമോ അതോ ദൈവത്തിനരുകില്‍ ഭൂമിയിലായിരിക്കുമോ എന്നറിയില്ല. ഇന്നത്തെ ഈ അവസ്ഥയില്‍ ദൈവത്തോടൊപ്പമാകാനാണെന്‍റെ ആഗ്രഹം. എങ്കിലും മരണം ഞാന്‍ ചോദിച്ചുവാങ്ങില്ല. കാരണം ദൈവത്തിന്‍റെ സമയത്തെ ഞാന്‍ മാനിക്കുന്നു. കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്‌. കട്ടിലില്‍ കിടന്നാണു മലമൂത്രവിസര്‍ജനം. പരസഹായമില്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചോറെനിക്കു വാരിത്തരണം, മുഖം കഴുകിച്ചു തരണം, ശരീരം തുടച്ചുതരണം, തല പൊക്കണമെങ്കിലും താഴ്ത്തണമെങ്കിലും ആളുവേണം. ചുമച്ചു കഫം തുപ്പാന്‍ കോളാമ്പിയുമായി ഒരാള്‍ അടുത്തു നില്‍ക്കണം. ടിവി വച്ചാല്‍ ശബ്ദം കേള്‍ക്കാം.

പക്ഷേ, ആരെയും കാണുന്നില്ല. രാത്രിയും പകലും തിരിച്ചറിയുന്നതു ചുറ്റുമുള്ള ചലനങ്ങളില്‍നിന്നാണ്‌. എന്നാലും ഞാന്‍ പറയുന്നു, ഞാന്‍ ദൈവത്തോടു മരണം ചോദിച്ചുവാങ്ങില്ല.

ഞാന്‍ ഇങ്ങനെ ചിന്തിക്കാന്‍ ദൈവം നല്‍കിയ നന്മയാല്‍ എനിക്കനുഭവിക്കാന്‍ കഴിയുന്ന സന്തോഷം എന്‍റെ ക്രിസ്മസ്‌ സമ്മാനമായി നല്‍കുന്നു. നിങ്ങളുടെ ജോസ്‌ പ്രകാശിനു നിങ്ങള്‍ക്കു നല്‍കാന്‍ ഇതല്ലാതെ മറ്റൊന്നുമില്ല. ഈ സന്തോഷത്തിന്‍റെ കാരണംകൂടി അറിഞ്ഞുകൊള്‍ക.

ഇന്നു ഞാന്‍ ഇവിടെ കിടന്നുകൊണ്ടു കേള്‍ക്കുന്ന സ്ഥിരം വാര്‍ത്തകളാണു പുറന്തള്ളപ്പെടുന്ന മാതാപിതാക്കളുടെ നൊമ്പരം. എന്‍റെ ഈ അവസ്ഥയില്‍ എനിക്കു സംഭവിക്കാമായിരുന്ന ദുരിതം നിങ്ങളൊന്നോര്‍ത്തുനോക്കൂ. മലമൂത്രവിസര്‍ജനംകൊണ്ടു ചീഞ്ഞുനാറുന്ന ഈ വല്യപ്പനെ ആരു തിരിഞ്ഞുനോക്കും? എന്നാല്‍, ദൈവം എനിക്കുവേണ്ടി കരുതിവച്ച കരുതലിനെ നന്ദിയോടെ ഞാന്‍ നിങ്ങളോടു പറയുകയാണ്‌. പത്തു-പതിനേഴു വര്‍ഷം മുന്‍പ്‌ ഭാര്യ മരിച്ച ഞാന്‍ എന്‍റെ ഇളയ മകനോടും കുടുംബത്തോടുമൊപ്പമാണു താമസിക്കുന്നത്‌.

പ്രമുഖ വസ്ത്രവ്യാപാരികളായ പുളിമൂട്ടില്‍ കുടുംബത്തില്‍നിന്നു വന്നിട്ടുള്ളതാണ്‌ എന്‍റെ മരുമകള്‍. ഇവരില്‍നിന്ന്‌ എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹവും സംരക്ഷണവും എനിക്കു ലോകത്തോടു വിളിച്ചുപറയാതിരിക്കാനാവില്ല. കോടിക്കണക്കിനു സമ്പത്തുള്ള ഒരു കുടുംബത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടി രാവും പകലും ഉറക്കംപോലും ഉപേക്ഷിച്ചു കാത്തിരുന്ന്‌ എന്നെ ശുശ്രൂഷിക്കുമ്പോള്‍ അവളുടെ കുടുംബത്തില്‍ ഉള്ളതിനേക്കാള്‍ വിലപ്പെട്ട സമ്പത്താണ്‌ അവളുടെ ഹൃദയത്തില്‍ ഉള്ളതെന്നു ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ പലപ്പോഴും ചോദിക്കാറുണ്ട്‌, മോളേ നിനക്കിതെല്ലാം ബുദ്ധിമുട്ടാകില്ലേ? അപ്പോള്‍ അവളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി ഒരു ജന്മം മുഴുവന്‍ തപസിരുന്നാല്‍ കിട്ടാത്ത ഭാഗ്യമായി ഞാന്‍ കരുതുന്നു.

മരണത്തിന്‍റെ മുഖത്തു നിന്നുകൊണ്ടു ലോകത്തെ നോക്കി പുഞ്ചിരിക്കാന്‍ ദൈവം ഒരുക്കിയ സ്നേഹത്തിന്‍റെ കരങ്ങളെ പ്രതി ദൈവമേ നിനക്കു നന്ദി! ഈ മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനല്ലാതെ എനിക്കിപ്പോള്‍ മറ്റൊന്നും ചെയ്യാനാകില്ല. നിങ്ങളും ഇവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം.

രോഗാവസ്ഥയില്‍ ആയിരിക്കുന്ന ഒരു വ്യക്തിക്കു ലഭിക്കുന്ന ഒരു കൊച്ചു സഹായംപോലും എത്ര വിലപ്പെട്ടതാണ്‌. എന്നെ കാണുകയും കേള്‍ക്കുകയും നേരിട്ടല്ലെങ്കിലും പരിചയമുള്ള എന്‍റെ സഹോദരീ സഹോദരന്മാരെ, അവശതയില്‍ നിങ്ങളുടെ മാതാപിതാക്കളെ കൈവിടരുത്‌. ഇത്‌ ഒരുപക്ഷേ, എന്‍റെ ജീവിതത്തിലെ അവസാനത്തെ ക്രിസ്മസ്‌ സന്ദേശമാകാം.

(കടപ്പാട്‌: സണ്‍ഡേ ശാലോം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :