എനിക്കു ജന്മംനല്കിയ ദൈവത്തോട് നന്ദി പറയാനാണ് ഞാനീ വരികള്‍ കുറിച്ചിടുന്നത്. എന്നെ ദൈവം എത്രയധികം സ്നേഹിച്ചിരുന്നെന്നും ഞാന്‍ പോലും അറിയാതെ അവിടുന്ന് എങ്ങനെ എന്നെ നയിച്ചിരുന്നെന്നും ഇനി ഒരിക്കല്‍കൂടി ലോകത്തോടു പറയാന്‍ ഈ ജീവിതത്തില്‍ എനിക്കു സാധിക്കുമെന്നു ഞാന്‍ കരുതുന്നില്ല.
ഇതെന്റെ ഒരു ബോണസ് ജീവിതമാണ്. എന്നെ കണ്ടു കൊതിതീരാത്ത ദൈവം ഒരു ബോണസ് ജീവിതം നല്കി എന്നെ അനുഗ്രഹിച്ചു. വളരെ വിശിഷ്ടമായ രീതിയില്‍ അണിയിച്ചൊരുക്കിയിട്ടാണ് എന്നെ ഈ കട്ടിലില്‍ കിടത്തിയിരിക്കുന്നത്. അവിടുന്ന് എന്റെ ഒരു കാല് മുറിച്ചു നീക്കിയിട്ട് എന്നെ കൈകളില്‍ താങ്ങിയെടുത്തു. എന്റെ രണ്ടു കണ്ണുകളുടെയും കാഴ്ചയെടുത്തിട്ട് എന്നെ തോളിലേറ്റി. ഇന്നു ഞാന്‍ അവിടുത്തെ തോളില്‍ തലചായ്ച്ചുറങ്ങുന്ന ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സംവഹിക്കപ്പെടുകയാണ്.
ഈ യാത്ര ഞാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവിടുത്തെ തോളില്‍ കിടന്നേ പറ്റൂ. കാരണം, ഈ കിടക്കയിലാണ് ഞാന്‍ ദൈവത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത്. നമ്മള് അവിടുത്തെ പൂന്തോട്ടത്തിലെ പുഷ്പങ്ങള്‍ പോലെയാണ്. ഓരോരുത്തരും കൂടുതല്‍ സൗന്ദര്യമുള്ള പുഷ്പങ്ങള്‍ ആകണം. അതാണവിടുത്തെ ആഗ്രഹം. സ്വന്തം തോട്ടത്തിലെ ഒരു പുഷ്പംപോലും നിറംമങ്ങി നില്ക്കരുതെന്നു ദൈവം അതിയായി ആഗ്രഹിക്കുന്നു. അതിനാലല്ലേ അവിടുത്തെ രക്തംതന്നെ നമുക്കു വളമായി നല്‍കിയത്. ഈ സ്നേഹത്തിനു പ്രതിനന്ദിയായി നല്കാന് നമ്മുടെ കൈയില്‍ എന്താണുള്ളത്? ഒന്നുമില്ലെന്നറിയുന്ന അവിടുന്നു നമുക്കു കടം തരുന്ന താലന്താണീ സഹനം. ഇതിനെ പത്തു കൂടി ചേര്‍ത്തു തിരിച്ചുകൊടുക്കാന്‍ കഴിയണമേ എന്നാണെന്റെ പ്രാര്‍ഥന.
കോടതി ജോലിയില്‍നിന്നു കിട്ടുന്ന 14 രൂപ ശമ്പളംകൊണ്ട് എട്ടു മക്കളുള്ള ഒരു കുടുംബത്തെ പുലര്‍ത്തിയിരുന്ന പിതാവിന്റെ ജീവിതഭാരമാണ് ആദ്യമായി എന്റെ കണ്ണു തുറപ്പിച്ചത്. അന്നു ഞാന്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുന്നു. പഠനവുമായി മുന്നോട്ടുപോകുന്നതു പന്തിയല്ല എന്നു തോന്നിയ ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നു. അന്നെനിക്കു 17 വയസ്. 67 രൂപ ശമ്പളക്കാരനായ ഞാന്‍ അമ്പതു രൂപ വീട്ടിലേക്കയച്ചിട്ട് പട്ടാളക്യാമ്പിലിരുന്ന് ആരും കാണാതെ സന്തോഷത്തോടെ കരഞ്ഞിട്ടുണ്ട്. എന്റെ അപ്പന്റെ തിളങ്ങുന്ന കണ്ണുകളായിരുന്നു മനസില്‍. സഹോദരങ്ങള്‍ക്ക് ഒരു താങ്ങാകാന്‍ കഴിഞ്ഞതിന്റെ സുഖമുള്ള ഉപ്പായിരുന്നു കണ്ണുനീരിന്.
അടുത്ത പേജില്‍ - ഞാന്‍ കൊള്ളയടിക്കപ്പെട്ട ആ രാത്രി!