മലയാളത്തിന്‍റെ മാധുര്യം മറവിയിലേക്ക് !

ടി പ്രതാപചന്ദ്രന്‍

WEBDUNIA|
, കമലാദാസ് ആയതും മാധവിക്കുട്ടിയായതും കമല സുരയ്യ ആയതും മലയാള മണ്ണിലായിരുന്നു. കമലസുരയ്യ എന്ന പേരിനൊപ്പം ലഭിച്ച വിമര്‍ശനങ്ങളും നോവുകളും മാറത്തടക്കി മറുനാട്ടില്‍ ചേക്കേറിയ അവര്‍ ഇനി മടങ്ങില്ല. വിവാദങ്ങള്‍ക്കെല്ലാം അവധി നല്‍കി അവര്‍ മടങ്ങി...പുന്നയൂര്‍ക്കുളത്തേക്കല്ല...കൃഷ്ണനും, അള്ളായും, ക്രിസ്തുവും എന്ന് പലരും വിശേഷിപ്പിക്കുന്ന പരമാത്മാവില്‍ ലയിച്ചു ചേരാനായി !

കൊല്‍ക്കത്തയില്‍ ജീവിക്കുമ്പോഴും പുന്നയൂര്‍ക്കുളത്തെ കുളത്തിലും നീര്‍മാതളത്തിലും സ്വപ്നത്തിന്‍റെ ചിറകില്‍ വന്നെത്തിയിരുന്ന കഥാകാരി ഇനി മലയാള സാഹിത്യലോകത്തിന് നോവിക്കുന്ന ഓര്‍മ്മ മാത്രം! എഴുപത്തിയഞ്ചാം വയസ്സില്‍ പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വച്ച് അവര്‍ ലോകത്തോട് വിട ചൊല്ലി.

മതം മാറ്റവും കമലയുടേതായ രീതികളും ഉയര്‍ത്തിയ പ്രതികരണങ്ങള്‍ കഥാകാരിയുടെ മനസ്സിനേല്‍പ്പിച്ച മുറിവുകളാവാം മലയാളത്തിനെ പിരിഞ്ഞ് മറുനാട്ടില്‍ ജീവിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍, പുരസ്കാരങ്ങള്‍ നല്‍കാന്‍ കഴിവില്ലാത്ത, ഒരിക്കല്‍ പോലും നേരിട്ടുകാണാത്ത എത്രയോ സാധാരണക്കാരായ അനുവാചകര്‍ക്ക് തീരാ നഷ്ടമായിരുന്നു കേരളത്തോടുള്ള കമലയുടെ അന്നത്തെവിടചൊല്ലല്‍.

മലയാളത്തില്‍ ഇനി എഴുതുകയില്ല എന്ന് പറഞ്ഞാണ് കമല സുരയ്യ മറുനാടിന്‍റെ സുരക്ഷയിലേക്ക് വണ്ടികയറിയത്. എന്നാല്‍, മലയാള സാഹിത്യത്തിന് കമല നല്‍കിയ തുടക്കം വിപ്ലവകരമായിരുന്നു. സ്ത്രീപക്ഷമോ പുരുഷ പക്ഷമോ പറയാതെ സ്ത്രീയുടെ വികാര വിചാര തലങ്ങള്‍ തഴുകി തലോടിയാണ് കമലയുടെ കഥകളും നോവലുകളും പിറവികൊണ്ടത്.

സ്ത്രീകളുടെ സ്നേഹം അത് അടിമപ്പെടലിന്‍റെ വര്‍ണനയായി കാണാതെ ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കാതെ സ്നേഹം നല്‍കിയും നേടിയും തിരിച്ചുകിട്ടാതെ വിലപിച്ചും സുധീരമായ സാഹിത്യ രചന നടത്തിയ കമല സാമൂഹിക വ്യവസ്ഥിതികളുടെ ആഴത്തിലും കടുപ്പത്തിലുമുള്ള വേരുകള്‍ നമുക്ക് മുന്നില്‍ വരച്ചുകാട്ടി, കഥകളിലൂടെയും ജീവിതത്തിലൂടെയും.

വി എം നായരുടെയും നാലപ്പാട്ട് ബാലാമണിയമ്മയുടെയും പുത്രിയായ കമല 1934 മാര്‍ച്ച് 31 ന് പുന്നയൂര്‍കുളത്താണ് ജനിച്ചത്.

ബാല്യകാല സ്മരണകള്‍, എന്‍റെ കഥ, മതിലുകള്‍, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, പക്ഷിയുടെ മരണം, നീര്‍മാതളം പൂത്തകാലം, തുടങ്ങിയവയാണ് പ്രശസ്തമായ മലയാള കൃതികള്‍. സമ്മര്‍ ഇന്‍ കല്‍ക്കട്ട, ഓള്‍ഡ് പ്ളേ ഹൗസ്, ദ സൈറന്‍സ് എന്നിവ ഇംഗ്ളീഷ് കൃതികളില്‍ ഉള്‍പ്പെടുന്നു. എന്‍റെ കഥ 15 വിദേശ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

ദ സൈറന്‍സിന് ഏഷ്യന്‍ പോയട്രി അവാര്‍ഡും സമ്മര്‍ ഇന്‍ കല്‍ക്കട്ടയ്ക്ക് കെന്‍റ് അവാര്‍ഡും ലഭിച്ചു. തണുപ്പ് എന്ന ചെറുകഥയ്ക്ക് വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :