WEBDUNIA|
Last Modified വെള്ളി, 23 ഫെബ്രുവരി 2024 (08:11 IST)
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി.എസ്.സുനില്‍ കുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി.എന്‍.പ്രതാപനും മത്സരിക്കും. എന്‍ഡിഎയ്ക്കു വേണ്ടി സുരേഷ് ഗോപി മത്സരിക്കുമെന്ന് നേരത്തെ തീരുമാനമായിരുന്നു. ത്രികോണ പോരാട്ടത്തിനാണ് തൃശൂരില്‍ കളമൊരുങ്ങുന്നത്.
തൃശൂരിലെ സിറ്റിങ് എംപിയാണ് പ്രതാപന്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രതാപന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിനു വഴങ്ങിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രതാപന്‍ സമ്മതം മൂളിയത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ ഒഴികെ മറ്റെല്ലാ കോണ്‍ഗ്രസ് സിറ്റിങ് എംപിമാരും ഇത്തവണയും മത്സരിക്കാനാണ് സാധ്യത. സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിലപാട്.
തൃശൂര്‍ മുന്‍ എംഎല്‍എയും ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗവുമായിരുന്നു സുനില്‍ കുമാര്‍. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള സിപിഐ നേതാവ് കൂടിയാണ് സുനില്‍ കുമാര്‍. തൃശൂര്‍ തിരിച്ചുപിടിക്കാന്‍ സുനില്‍ കുമാറിനെ പോലെ ജനകീയനായ നേതാവ് വേണമെന്ന് മുന്നണി നേതൃത്വം വിലയിരുത്തി. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. അതേസമയം ആരായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിട്ടില്ല.