WEBDUNIA|
Last Modified വെള്ളി, 3 മെയ് 2024 (20:19 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ ജയസാധ്യതയെന്ന് സിപിഐ വിലയിരുത്തല്‍. കേരളത്തില്‍ നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. ഇതില്‍ രണ്ട് മണ്ഡലങ്ങളില്‍ തൊണ്ണൂറ് ശതമാനം ജയസാധ്യതയുണ്ടെന്നും ഒരിടത്ത് അമ്പത് ശതമാനമാണ് ജയസാധ്യതയെന്നും സിപിഐ വിലയിരുത്തി.
തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. ഇതില്‍ തൃശൂരും മാവേലിക്കരയുമാണ് വിജയം സുനിശ്ചിതമെന്ന് സിപിഐ വിശ്വസിക്കുന്നത്. തിരുവനന്തപുരത്ത് അമ്പത് ശതമാനം വിജയസാധ്യതയുണ്ട്. ത്രികോണ മത്സരം നടന്ന മണ്ഡലമായതിനാല്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സിപിഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് സാധിച്ചിട്ടുണ്ട്. പന്ന്യന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്ക് ക്രോസ് വോട്ടിങ് നടന്നിട്ടില്ല. ഇത് തരൂരിന്റെ പരാജയത്തിനു പോലും കാരണമായേക്കാമെന്നാണ് സിപിഐ വിലയിരുത്തല്‍. അതേസമയം വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും സിപിഐ വിശ്വസിക്കുന്നു.