Last Modified ചൊവ്വ, 26 മാര്‍ച്ച് 2019 (10:09 IST)
രാഹുൽ ഗാന്ധി വയനാട് സ്ഥാനാർത്തിയാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിക്കുന്ന വയനാടിനൊപ്പം
വടകര സീറ്റും പട്ടികയിലില്ല. കോണ്‍ഗ്രസ് പുറത്തുവിടുന്ന പത്താമത്തെ പട്ടികയാണ് ഇന്നത്തേത്.
പശ്ചിമ ബംഗാളിലെ 25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെക്കുറിച്ചു മാത്രമായിരുന്നു രാഹുല്‍ ഗാന്ധി സംസാരിച്ചത്. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു പ്രതികരണം. അമേഠിക്ക് പുറമെ മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നോ ഇല്ലെന്നോ ഉത്തരം നല്‍കാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായില്ല.
വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനം തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. പക്ഷേ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തിക്കൊണ്ടാണ് പത്താം സ്ഥാനാര്‍ഥി പട്ടികയും പുറത്തു വിട്ടിരിക്കുന്നത്.