Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (13:36 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് മന്ത്രാലയം രൂപികരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃപ്പയാറിൽ സംഘടിപ്പിച്ച നാഷണൽ ഫിഷർമെൻ പാർലമെന്റിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കുന്നയാളല്ല ഞാന്‍. മത്സ്യത്തൊഴിലാളികള്‍ രാജ്യത്തെ കര്‍ഷകരെ പോലെ തന്നെയാണ്. അപകടം പിടിച്ച ജോലിയാണ് ചെയ്യുന്നത്. അവര്‍ കൂടിയാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന ആദരം ലഭിക്കാനിയിട്ട് അവര്‍ക്കായി കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും- രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന പ്രധാന പ്രഖ്യാപനമായ മിനിമം വരുമാനത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. സര്‍ക്കാര്‍ മിനിമം വരുമാനം നിശ്ചയിക്കുകയും അതിന് താഴെ മാത്രം വരുമാനമുള്ളവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുകയും ചെയ്യും. ഇത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു