‘മാനസിക രോഗിയെന്ന് ഞാനെപ്പോഴാണ് പറഞ്ഞത്? കുറച്ചെങ്കിലും മര്യാദ കാണിക്കണം’ - മലയാള മനോരമയ്ക്കെതിരെ പിണറായി വിജയൻ

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (15:19 IST)
കേരളം നേരിട്ട പ്രളയം മനുഷ്യ സൃഷ്ടിയെന്നു വാദിക്കുന്നതു മാനസിക രോഗമുള്ള ചിലരാണെന്നു മുഖ്യമന്ത്രി പറഞ്ഞുവെന്ന മലയാള മനോരമയുടെ വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. താനൂരില്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലാണ് മനോരമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവര്‍ക്ക് രുചിച്ചില്ല എന്നാണ് താൻ പറഞ്ഞതെന്നും എന്നാൽ, മലയാള മനോരമ ആ വാർത്ത വളച്ചൊടിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്. മാനസികാവസ്ഥ എന്നിടത്ത് മാനസിക രോഗികൾ എന്നാക്കിയാണ് അവർ വാർത്ത നൽകിയത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചത്.

‘മാനസികരോഗത്തിന്റെ ലക്ഷണം നമുക്കറിയാം. താൻ മാനസിക രോഗമെന്ന വാക്കേ ഉപയോഗിച്ചിട്ടില്ല. ഞങ്ങളെ യു ഡി എഫ് എതിർക്കുന്നുണ്ട്. അതിനവർ ഇത്തരത്തിൽ കള്ളങ്ങൾ പടച്ചുണ്ടാക്കുമെന്ന് തോന്നുന്നില്ല. നിങ്ങൾ പടച്ചുണ്ടാക്കുന്ന കള്ളങ്ങൾ അവർ ഏറ്റെടുക്കും. അവർ പ്രചരിപ്പിക്കും. നിങ്ങളുടെ ഇപ്പോഴത്തെ പ്രധാന തൊഴിൽ അത്തരത്തിൽ കള്ളങ്ങൾ പടച്ചുണ്ടാക്കുക എന്നതാണ്. നിങ്ങളുടെ കൈയ്യിൽ ക്യാമറ ഉണ്ടല്ലോ? അതിൽ ഞാൻ പറയുന്നതെല്ലാം ഉണ്ടാകുമല്ലോ? അതിൽ ഞാൻ പറഞ്ഞുവെന്ന് നിങ്ങൾ പറയുന്ന വാചകം ഉണ്ടൊയെന്ന് കാണിക്കൂ. ഏതിനുമൊരു മര്യാദ വേണം. എല്‍ഡിഎഫ് നിങ്ങളുടെ കണക്കുകൂട്ടലിനുമപ്പുറം പോകുമ്പോൾ നിങ്ങൾക്ക് കുറച്ച് വിഷമം ഉണ്ടാകുന്നുവെന്ന് ഞങ്ങൾക്കറിയാം. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കണക്കുകള്‍ക്കമനുസരിച്ചല്ല കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. ‘- മനോരമയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :