ടിജെഎസ്‌ ജോര്‍ജിന്‍റെ ഓര്‍മ്മകളുടെ ഘോഷയാത്ര

ടി ജെ എസ് ജോര്‍ജ്
PROPRO
സമകാലീന മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ്‌ ജോര്‍ജിന്‍റെ ‘ഓര്‍മ്മകളുടെ ഘോഷയാത്ര‘ എന്ന പരമ്പര പുസ്‌തക രൂപത്തില്‍ പുറത്തിറങ്ങി.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പിന്നിട്ട വഴികളില്‍ കണ്ടെത്തിവരെ കുറിച്ചുള്ള വിവരണങ്ങളുടെ സമാഹാരമാണ്‌ പുസ്‌തകം. ഇന്ത്യയുടെ രാഷ്ട്രീയ കാലവസ്ഥയിലൂടെ പരിണിതപ്രജ്ഞനായ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ യാത്രയുടെ സമാഹാരമാണ്‌ പുസ്‌തകം. രാജ്യത്തിന്‍റെ ചരിത്രവും സ്വന്തം അനുഭവവും കൂട്ടിച്ചേര്‍ത്താണ്‌ ടി ജെ എസ്‌ ജോര്‍ജ്‌ പുസ്‌തകരചന നടത്തിയിരിക്കുന്നത്‌.

തിരുവിതാംകൂറും കായല്‍ രാജാവ്‌ മുരിക്കനും മുതല്‍ അടൂര്‍ഭാസിയും കാര്‍ട്ടൂണിസ്റ്റ്‌ ശങ്കറും ചാന്ദ്രാജിയും അടങ്ങുന്നവര്‍ ടി ജി എസിന്‍റെ ലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. തനതു നര്‍മ്മരസത്തോടെ കാര്യങ്ങള്‍ അവതരിക്കുന്ന ടി ജെ എസ്‌ ജോര്‍ജിന്‍റെ ലേഖനങ്ങള്‍ വളരെ വേഗത്തിലാണ്‌ ‘മലയാളം‘ വായനക്കാര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടത്‌.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനാണ്‌ ‘ഓര്‍മ്മകളുടെ ഘോഷയാത്ര‘ പ്രകാശിപ്പിച്ചത്‌. ഒറ്റയിരിപ്പിന്‌ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ്‌ പുസ്‌തകം എന്നാണ്‌ വി എസ്‌ പുസ്‌തകത്തെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌.

ചിരിയും ചിന്തയും ഒത്തു ചേരുന്നതാണ്‌ ടി ജെ എസിന്‍റെ രചനാരീതിയെന്ന്‌ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

പുസ്‌തകം പോയകാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമല്ലെന്ന്‌ ടി ജെ എസ്‌ ജോര്‍ജ്‌ പറഞ്ഞു. ഇന്നലെയും ഇന്നും തമ്മിലുള്ള അന്തരം മനസിലാക്കാനുള്ള ശ്രമം മാത്രമാണ്‌ പുസ്‌തകം. മുമ്പ് തെറ്റു ചെയ്യുന്നവന്‌ കുറ്റബോധം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന്‌ തെറ്റു ചെയ്യുന്നവന്‍ ത്യാഗിയാണെന്നതാണ്‌ രണ്ടു കാലങ്ങളും തമ്മിലുള്ള വ്യത്യാസമെന്ന്‌ അദ്ദേഹം പറഞ്ഞു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :