രേണുക വേണു|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (12:21 IST)
നിങ്ങളുടെ വസ്ത്രങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ അലക്കുമ്പോഴും ഉണക്കാനിടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അലക്കാനുള്ള തുണികളെല്ലാം ഒന്നിച്ച് നനച്ച് വയ്ക്കരുത്. ഇളം കളറുള്ള വസ്ത്രങ്ങളും ഡാര്‍ക്ക് കളറുള്ള വസ്ത്രങ്ങളും രണ്ട് തരമായി വേണം സോപ്പ് വെള്ളത്തില്‍ നനച്ചുവയ്ക്കാന്‍. വസ്ത്രങ്ങള്‍ അരമണിക്കൂറില്‍ അധികം സോപ്പ് വെള്ളത്തില്‍ നനച്ചുവയ്ക്കരുത്. സോപ്പ് വെള്ളത്തിന്റെ ഗാഢത വസ്ത്രങ്ങളുടെ നിറം മങ്ങാന്‍ കാരണമാകും.
അടിവസ്ത്രങ്ങള്‍ ഒരിക്കലും മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം അലക്കരുത്. അടിവസ്ത്രങ്ങളിലെ ബാക്ടീരിയകള്‍ മറ്റു വസ്ത്രങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
അലക്കിയ ശേഷം വസ്ത്രത്തില്‍ നിന്ന് സോപ്പിന്റെ അംശം പൂര്‍ണമായി നീക്കം ചെയ്യുക. അതായത് അലക്കിയ ശേഷം രണ്ടോ മൂന്നോ തവണയെങ്കിലും വസ്ത്രങ്ങള്‍ വെള്ളത്തില്‍ ഊരിപ്പിഴിയണം. അലക്കിയ ശേഷം വസ്ത്രങ്ങള്‍ ഹാങ്കറില്‍ തൂക്കുന്നതിനേക്കാള്‍ നല്ലത് വിരിച്ചിടുന്നതാണ്. ഹാങ്കറില്‍ തൂക്കുമ്പോള്‍ വസ്ത്രങ്ങള്‍ നീളാനുള്ള സാധ്യത കൂടുതലാണ്. വസ്ത്രങ്ങള്‍ വെയിലത്ത് വിരിച്ചിടുമ്പോള്‍ ഉള്‍ഭാഗം നേരിട്ടു വെയില്‍ കൊള്ളുന്ന പോലെ വിരിക്കണം. ധരിക്കുന്ന സമയത്ത് പുറത്ത് കാണുന്ന ഭാഗം അമിതമായി വെയില്‍ കൊള്ളുന്നത് വസ്ത്രത്തിന്റെ നിറം മങ്ങാന്‍ കാരണമാകും.