കാറ്റു കാലമാരംഭിച്ചിരിക്കുന്നു. കരിയിലകള്‍ അന്തരീക്ഷത്തിലേക്കുയര്‍ത്തി തകൃതിയായി തന്നെ പൊടിപടലങ്ങള്‍ പറപ്പിച്ചുകൊണ്ട് കാറ്റ് വീശിയടിച്ചുകൊണ്ടിരിക്കുകയാണ്.
കവിള്‍ത്തടങ്ങളിലൂടൊഴുകുന്ന കണ്ണീരു തുടച്ചു അകത്തുകിടന്ന് നുരഞ്ഞുപൊങ്ങുന്ന വിഷാദവും ഉള്ളിലൊതുക്കിക്കൊണ്ട് ദുഖിതനായിരിക്കുന്ന ഒരു കരിയിലയെ കണ്ട് അടുത്തുണ്ടായിരുന്ന മണ്ണാങ്കട്ടയ്ക്കും വിഷാദം വന്നു. ദു:ഖിതനായിരിക്കുന്ന കരിയിലയുടെ തീവ്രദു:ഖത്തിന്‍റെ കാരണമന്വേഷിക്കാനായി തുനിഞ്ഞപ്പോഴാണ് പെട്ടന്നൊരു കാറ്റത്ത് അതു പറഞ്ഞു തെറിച്ച് മണ്ണാങ്കട്ടയുടെ അരികത്ത് വന്നുവീണത്. പിന്നെ വൈകിയില്ല, മണ്ണാങ്കട്ട ചോദിച്ചു :
എന്താ നിന്നെ സ്നേഹിതാ എന്നു വിളിച്ചുകൂടേ ?, തനിക്ക് വല്ലാത്തൊരു സങ്കടം ഉള്ളതുപോലെ ? എന്തായാലും എന്നോടു പറയില്ലേ ? എന്തായാലും എന്നോടു തുറന്നു പറഞ്ഞുകൊള്ളൂ........
കരിയില ഇടറിയ ശബ്ദത്തില്‍ തുടര്‍ന്നു, ""അതാ, ആ നില്‍ക്കുന്ന തേന്മാവിന്‍റെ ഇടയിലുള്ള ചില്ലയിലാണ് എന്‍റെ ജനനം. വളര്‍ന്നു വലുതായി, പിന്നെ പഴുത്തു വീണതും അതിന്‍റെ ചുവട്ടില്‍ തന്നെ. പക്ഷെ, ..''
തൊണ്ടയിടറിയ കരിയിലയ്ക്ക് അതു മുഴുമിപ്പിക്കാനായില്ല. വീണ്ടും മണ്ണാങ്കട്ട ജിജ്ഞാസാപൂര്‍വം ചോദിച്ചു, ""പറഞ്ഞോളൂ, നീ വിഷമിക്കാതെ, ഒന്നിനെയും പേടിക്കേണ്ട... അതോ, ഞാന്‍ അറിയാന്‍ പാടില്ലാത്ത വല്ലതൂം ഓര്‍ത്തു വിഷമിക്കയാണോ ?''
കരിയില, ""ഏയ്, അങ്ങനെയൊന്നുമില്ല, ഞാന്‍ എല്ലംതന്നെ തുറന്നുപറയാം. കാറ്റൂകാലം തുടങ്ങിയപ്പോഴാണ് എനിക്കു സങ്കടം വന്നു തുടങ്ങിയത്. ഈ നാടും വീടും വിട്ടുപോകാന്‍ എനിക്ക് തോന്നുന്നില്ല. കുറച്ചുദൂരം കഴിഞ്ഞാല്‍ ഗര്‍ത്തങ്ങളും ചുഴികളൂമുള്ള വലിയ പുഴയാണൊഴുകുന്നത്. കരുത്തുള്ളൊരു വലിയ കാറ്റടിച്ചാല്‍ ഞാന്‍ പറന്നുപോയി അതില്‍ വീണ് ചീഞ്ഞളിയുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. ആയുസ്സു മുഴുവന്‍ എനിക്ക് ഇവിടെത്തന്നെ കഴിയാനാണിഷ്ടം. ഇതാണ് സ്നേഹിതാ എന്നെ തീരാദു:ഖത്തിലാഴ്ത്തുന്ന വിഷയം.''
കരിയില സംസാരം നിര്‍ത്തിയപ്പോള്‍ മണ്ണാങ്കട്ട മിണ്ടാതിരുന്ന് ആലോചനയില്‍ മുഴുകാന്‍ തുടങ്ങി. ഏതുവിധത്തിലും കരിയിലയെ രക്ഷിച്ചേതീരൂ എന്നു തീരുമാനിച്ച് ഗഹനമായി ചിന്തിച്ചുതുടങ്ങി. ഒരുടുവില്‍ ഒരു പ്രതിവിധി കണ്ടെത്തിയ മട്ടില്‍ മണ്ണാങ്കട്ട പറഞ്ഞു.
""നീ കരയേണ്ട, സമാധാനിക്കൂ , നിങ്ങളെ രക്ഷിക്കാനെനിക്കൊരു വഴി കിട്ടി.''
""ഏയ്! എന്താണ് ? പറയൂ ?.... വേഗം പറയൂ സ്നേഹിതാ.... ഞാനൊന്നു കേള്‍ക്കട്ടെ.....''കരിയില ചോദിച്ചു.
മണ്ണാങ്കട്ട പറഞ്ഞു, ""ഞാന്‍ ഒരു കാര്യം ചെയ്തുതരാം. ഈ കാറ്റുകാലം കഴിയും വരെ ഞാന്‍ നിങ്ങളുടെ പുറത്ത് കയറിയിരുന്നു കൊള്ളാം. എത്ര വലിയ തകര്‍പ്പന്‍ കാറ്റു വന്നാലും നിങ്ങളെ കൊണ്ടുപോകാതെ ഞാന്‍ നോക്കിക്കൊള്ളാം. എന്താ, അതുപോരേ ?''
വളരെ സന്തോഷത്തോടുകൂടി കരിയില പറഞ്ഞു, ""മതി, മതി എനിക്കു വളരെ സന്തോഷമായി. എങ്ങനെയാണിതിന് നന്ദിപറയേണ്ടതെന്ന് എനിക്കറിയില്ല സ്നേഹിതാ''
""സാരമില്ല സുഹൃത്തേ, നിങ്ങളെ രക്ഷിക്കാനിതല്ലാതെ മറ്റൊ രു വഴിയും ഇപ്പോള്‍ കാണുന്നില്ല ഞാന്‍. എനിക്കു നഷ്ടപ്പെടുവനൊന്നുമില്ല'' എന്നു മണ്ണാങ്കട്ട പറഞ്ഞു.
എന്നാല്‍ പെട്ടെന്നു കാര്യം നടക്കട്ടെ, അടുത്ത കാറ്റ് വരും മുമ്പേ എന്നെ രക്ഷിക്കാന്‍ ഏര്‍പ്പാടു ചെയ്യൂ'' കരിയില ആവശ്യപ്പെട്ടു.
""ശരി'' എന്നു പറഞ്ഞ് മണ്ണാങ്കട്ട കരിയിലയുടെ പുറത്തുകയറിയിരുന്നു. ഇനിയെന്തു വന്നാലും തനിക്കൊന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലല്ലോ എന്നോര്‍ത്ത് കരിയില സമാധാനിച്ചു.
വലിയൊരു കാറ്റ് വന്നു. ഒന്നും സംഭവച്ചില്ല.
കുറച്ചു കഴിഞ്ഞ് മറ്റൊരു ചെറിയ കാറ്റ് വന്നു, വീണ്ടും ഒന്നും തന്നെ സംഭവിച്ചില്ല.
പിന്നീടൊരു ചുഴലിക്കാറ്റു ണ്ടായി, അപ്പോഴും തഥൈവ. കരിയിലയ്ക്കു സമാധാനമായി. എന്തുവന്നാലും തനിക്കൊരു ചുക്കും സംഭവിക്കില്ലെന്നു കരിയിലയ്ക്കു തോന്നി.
കാലം മാറി, കാറ്റ് നിന്നു. വേനല്‍ക്കാലം മാറി. പിന്നീട് മഴക്കാറുകള്‍ വരാന്‍ തുടങ്ങി. ആകാശം കറുത്തിരുണ്ട്. പുതുമഴ പെയ്യാനാരംഭിച്ചു.
ചെറിയൊരു മഴയാണെങ്കിലും മണ്ണാങ്കട്ട അലിയാനാരംഭിച്ചു.
""അയ്യോ, എനിക്ക് കഷ്ടകാലമാരംഭിച്ചല്ലോ...'' മണ്ണാങ്കട്ട കരയാനാരംഭിച്ചു.
ഇതുകണ്ടു മനസ്സലിഞ്ഞ കരിയില പറഞ്ഞു, ""കൂട്ടുകാരാ, നീ വിഷമിക്കാതെ, എനിക്കിപ്പോള്‍ നല്ലകാലമല്ലേ, എന്നെ രക്ഷിക്കാന്‍ കഴിഞ്ഞ നിന്നെ രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്, നിന്ന് ഞാന്‍ രക്ഷിക്കും''
വെമ്പലോടെ മണ്ണാങ്കട്ട ചോദിച്ചു, ""എങ്ങനെ സാധിക്കും സ്നേഹിതാ..?''
""അടുത്ത മഴവരും മുമ്പേ തന്നെ നിങ്ങള്‍ എന്‍റെ പുറത്തുനിന്നിറങ്ങണം, പിന്നീട് ഞാന്‍ നിങ്ങളുടെ മുകളീല്‍ കയറിയിരിക്കും, എങ്ങനെയുണ്ട് ഐഡിയാ?...'' കരിയില ചോദിച്ചു.
സന്തോഷം കൊണ്ടു മതിമറന്ന മണ്ണാങ്കട്ട പറഞ്ഞു''നിങ്ങളെന്‍റെ മുകളില്‍ കയറിയിരുന്നാല്‍ കുടപിടിച്ചതു പോലെയാകും, മഴ നനയുകയുമില്ല എനിക്ക്''
അങ്ങനെ മണ്ണാങ്കട്ട അടുത്ത മഴയില്‍ നിന്നും രക്ഷപെട്ടു.
പക്ഷെ അധികസമയം ആ പാവങ്ങളുടെ സന്തോഷം നീണ്ടുനിന്നില്ല. കാരണമെന്തന്നല്ലേ ?
ചാറ്റല്‍ മഴ വന്നപ്പോള്‍ കരിയില പുറത്തിരുന്നു കുടപിടിച്ചതു പോലെ മണ്ണാങ്കട്ടയെ രക്ഷിച്ചു, എന്നാല്‍ അതിന്‍റെ കൂടെ വന്ന കൊടുങ്കാറ്റ് കരിയിലയെ കാണാമറയത്തു പറത്തിക്കൊണ്ടു പോയി. ചാറ്റല്‍ മഴ ശക്തിയാര്‍ജ്ജിച്ചപ്പോള്‍ മണ്ണാങ്കട്ടയും അലിഞ്ഞുപോയി.