ശീവാലികുന്നിന്‍ താഴ്വരയിലാണ് കുഞ്ഞാറ്റക്കുരുവിയും അവള്‍ക്ക് ആറ്റുനോറ്റുണ്ടായ കുഞ്ഞുകുരുവിയും താമസിക്കുന്നത്. താഴ്വരയിലെ ഉയരുമള്ള ഒരു മരത്തിന്‍െറ മുകളില്‍ കൂടുകെട്ടി അവിടെ സസുഖം പാര്‍ത്തുപോന്നു. തന്‍െറയും കുഞ്ഞിന്‍െറയും സുരക്ഷയെ കരുതിയാണ് തന്‍െറ ഇണ ഉയരമുള്ള മരം നോക്കി കൂടുകെട്ടിയതെന്ന് അവള്‍ ഓര്‍ത്തു.
ഇന്നലെ ഇര തേടി പോയ ഭര്‍ത്താവ് ഇനിയും തിരിച്ചുവന്നില്ലല്ലോ? അവള്‍ വ്യാകുലപ്പെട്ടു. തേടി പോയാലോ? പക്ഷെ കുഞ്ഞിനെ തനിച്ചാക്കിയിട്ട് എങ്ങനെ പോകും? ആ കുഞ്ഞു ചിറകുകള്‍ക്ക് പറക്കാന്‍കഴിയില്ലല്ലോ? പോരാഞ്ഞതിന് അവന്‍ കുസൃതിയുമാണ് . വഴിപോകുന്നവരെ നോക്കി ചിരിച്ചും, കലപിലകൂട്ടിയും, കലമ്പിയും അവന്‍ കൂട്ടില്‍ ഇരിക്കും.
അതുമാത്രമോ? ഒരു തവണ കൂട്ടില്‍ നിന്ന് അവന്‍ എടുത്ത് താഴെക്ക് ചാടി. ഭാഗ്യത്തിന് ആ വൃക്ഷമുത്തച്ഛന്‍ താങ്ങിപിടിച്ചിരുന്നില്ലെങ്കിലോ? അന്ന് തന്‍െറ മാതൃഹൃദയം എന്തുമാത്രം വേദനിച്ചു. അവന്‍െറ അച്ഛനോട് ഒന്നും പറയാന്‍ പോയില്ല. അറിഞ്ഞാല്‍ തന്നെ കൊത്തി ശരിപ്പെടുത്തും. ""എന്താണ് നിനക്ക് കുഞ്ഞിന്‍െറ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലല്ലോ'' എന്നു കോപിക്കും.
എന്താണ് എന്‍െറ കൂട്ടുകാരന്‍ വരാത്തത്? എന്തെങ്കിലും ആപത്ത്? വേട്ടക്കാരുടെ കണ്ണിലെങ്ങാനും പെട്ടുപോയാല്‍! ഈ പാവം കുരുവികളെ കൊന്നിട്ട് അവര്‍ക്ക് എന്തു കിട്ടാനാണ്. ജീവിക്കാനും സമ്മതിക്കില്ല! പല വിധ ചിന്തകളില്‍പെട്ട് കുഞ്ഞാറ്റകുരുവിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അമ്മ കരയുന്നത് കണ്ട് കുഞ്ഞിനും സങ്കടമായി. അമ്മയോട് ചേര്‍ന്ന് ഉരുമ്മിനിന്നുകൊണ്ട് കൊച്ച് കൊക്ക് ഉയര്‍ത്തി അവന്‍ ചോദിച്ചു "" എന്തിനാണമ്മേ കരയുന്നത്? വിശന്നിട്ടാണോ? മോനും വിശക്കുന്നു... അച്ഛനെവിടെ? '' തള്ള കുരുവി കാര്യങ്ങളെല്ലാം തന്‍റെ പൊന്നോമനയെ അറിയിച്ചു. അവന്‍ അമ്മയോട് പറഞ്ഞു... ""അമ്മ വിഷമിക്കേണ്ട വേഗം ചെന്ന് അച്ഛനെ അന്വേഷിച്ചു വരൂ'' വേഗം ചെല്ലൂ'' വരുമ്പോള്‍ മോന് കഴിക്കാന്‍ കുറച്ചു മുന്തിരിങ്ങ കൊണ്ടു തരാമോ?''
അമ്മ തലയാട്ടി. അവന്‍ അമ്മയെ ഒരു വിധേന സമാധാനിപ്പിച്ച് പറഞ്ഞയച്ചു. കുഞ്ഞാറ്റ കുരുവി മനസ്സില്ലാ മനസ്സോടെ അവനെ അവിടെ തനിച്ചാക്കിയിട്ട് കിഴക്കു ഭാഗം ലക്ഷ്യമാക്കി വേഗത്തില്‍ പറന്നുപോയി.
കുരുവി കുഞ്ഞ് കുട്ടില്‍ കിടന്നുകൊണ്ട് നാലുപാടും നോക്കി. സമയം എന്തായി കാണും? ഒരു പിടിയുമില്ല. അച്ഛനും അമ്മയും വെയില്‍ നോക്കിയാണ് സമയം നിശ്ഛയിക്കുന്നത്. പഠിക്കണം. ഞാന്‍ വലുതായാല്‍ എല്ലാം പഠിക്കും. അവന്‍ തീര്‍ച്ചപ്പെടുത്തി.