മുക്കുവനും ഭൂതവും

WEBDUNIA|

ഹൊയാങ്ങ്ഹോ നദീതീരത്ത് പാവപ്പൈട്ടൊരു മുക്കുവനുണ്ടായിരുന്നു. പാവമായ അയാള്‍ക്ക് ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമാണുണ്ടായിരുന്നത്. ദിവസവും നദിയില്‍ നിന്നു പിടിക്കുന്ന മീന്‍ വിറ്റാണ് അയാള്‍ കുടുംബം പുലര്‍ത്തിയിരുന്നത്.

എന്നും നദിയില്‍ മീന്‍പിടിക്കാന്‍ പോകുന്നതുപോലെ അന്നും അയാള്‍ മീന്‍ പിടിക്കാന്‍ പോയി. വളരെയേറെ നേരം ശ്രമിച്ചിട്ടും വലയില്‍ ഒന്നും തടഞ്ഞില്ല. കുറെക്കഴിഞ്ഞപ്പോള്‍ വലയില്‍ എന്തോ ഒന്ന് തടഞ്ഞു. വല വലിച്ചു കയറ്റുവാന്‍ വളരെയേറെ ശ്രമിക്കേണ്ടിവന്നു. എന്തോ ഒന്ന് കാര്യമായിത്തന്നെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. മുക്കുവനു വളരെ സന്തോഷമായി.

വലകരയ്ക്കടിഞ്ഞതും വലയില്‍ ഒരു കുടം കണ്ട് മുക്കുവന്‍ അത്ഭുതപ്പെട്ടു. സ്വര്‍ണ്ണാഭരണങ്ങളോ നാണയങ്ങളോ ആയിരിക്കുമെന്ന് അവന്‍ പ്രത്യാശിച്ചു. ഈശ്വരന്‍ തന്നെ രക്ഷിക്കാനാണ് ഈ കുടം വലയില്‍ പെടുത്തിയതെന്ന് അവന്‍ വിചാരിച്ചു. വലയിലുണ്ടായിരുന്ന ചെറുമീനുകളെയും മറ്റും മുക്കുവന്‍ നോക്കിയതേയില്ല. വലയില്‍ നിന്നും കുടം മാത്രം പുറത്തെടുത്തു.

കുടം കറുത്ത ചരടുകൊണ്ട് കെട്ടിയിട്ടുണ്ടായിരുന്നു. ചരടഴിച്ചശേഷം വളരെ ബദ്ധപ്പെട്ട് അതിന്‍റെ അടപ്പ് തുറന്നു. അപ്പോള്‍.......... ഞെട്ടലോടെ മുക്കുവന്‍ പുറകോട്ടു മാറി. കുടത്തില്‍ നിന്ന് ചെറിയ പുകപടലങ്ങള്‍ പുറത്തേക്കുവരാന്‍ തുടങ്ങി. ചെറിയതോതില്‍ വരാന്‍ തുടങ്ങിയ പുകപടലങ്ങള്‍ വളരെ ശ്രക്തിപ്രാപിച്ചുവന്നു. നോക്കി നില്‍ക്കെ ശക്തമായ ആ ധൂമവലയങ്ങള്‍ ഭീമാകാരനായ ഒരു ഭൂതത്താനായി മാറി. ഭയാനകമായ അട്ടഹാസത്തോടുകൂടി ഭൂതം അലറി, ""എനിക്കു വിശക്കുന്നു. എന്‍റെ ഭക്ഷണമായിത്തീരും ഇപ്പോള്‍ തന്നെ നീ''.

ഭയന്നുപോയ മുക്കുവന്‍ തന്‍റെ അവസ്ഥയ്ക്കുറിച്ചോര്‍ത്തു. തന്‍റെ വരുമാനത്തില്‍ നിന്നും മാത്രം കിട്ടുന്ന ഭക്ഷണം കൊണ്ട് ജീവിക്കുന്ന തന്‍റെ ഭാര്യയും കുട്ടികളും ഇനി അനാഥരാകുമല്ലോ എന്ന് ഓര്‍ത്തു വിഷമിച്ചു. താന്‍ മരിച്ചാല്‍ അവരെങ്ങനെ ജീവിക്കുമിനി എന്നു പാവം മുക്കുവന്‍ തേങ്ങി. ദേഷ്യം പൂണ്ട ഭൂതം മുക്കുവനെ തന്‍റെയടുത്തേക്കു വരാന്‍ ആജ്ഞാപിച്ചു. ""വിശക്കുന്ന എനിക്കു ഭക്ഷണമാകേണ്ട നീ, നിന്നു കരയുന്നുവോ ?'' എന്നു ചോദിച്ചുകൊണ്ടലറി ഭൂതം.

എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മുക്കുവന്‍ ആഗ്രഹിച്ചു. എന്നാല്‍ ഓടിയൊളിക്കാമെന്നു വച്ചാല്‍ ഭൂതം അടുത്ത നിമിഷം തന്നെ പിടിച്ചു വിഴുങ്ങുമെന്നു മുക്കുവനു മനസ്സിലായി. വളരെ ബുദ്ധിപൂര്‍വം കാര്യങ്ങള്‍ നീക്കിയാലേ തനിക്കു രക്ഷപ്പെടാനാകൂ എന്ന് മുക്കുവനു ബോദ്ധ്യമായി.

സര്‍വ്വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച മുക്കുവന് ഉടന്‍ തന്നെ ഒരു സൂത്രം മനസ്സിലുദിച്ചു. വളരെ നയത്തോടെ മുക്കുവന്‍ ഭൂതത്തെ സമീപിച്ച് വളരെ വിനയത്തോടെ പറഞ്ഞു ""മഹാനായ ഭൂതമേ താങ്കള്‍ ഇത്രവലിയ ശക്തിയുണ്ടായിട്ടും ചെറിയൊരു ജീവിയായ എന്നെ തിന്നാല്‍ താങ്കള്‍ക്കു വയറു നിറഞ്ഞു വിശപ്പു ശമിക്കുമെങ്കില്‍ എനിക്കു വളരെ സന്തോഷമേയുള്ളൂ. അങ്ങയ്ക്ക് ആഹാരമായിത്തീരാന്‍ പോകുന്ന എനിക്ക് എന്‍റെ അന്ത്യാഭിലാഷം സാധിച്ചുതരാന്‍ കനിവുണ്ടാകണേ എന്നു മാത്രമേ അപേക്ഷയുള്ളൂ''

സന്തോഷവാനായ ഭൂതം അട്ടഹാസത്തോടെ മുക്കുവനോടു ചോദിച്ചു, ""എന്താണ് നിന്‍റെ അന്ത്യാഭിലാശം, വേഗം പറയൂ''

ഉള്ളിലുണ്ടായ സന്തോഷം പുറത്തുകാണിക്കാതെ വളരെ വിനയത്തോടെ മുക്കുവന്‍ പറഞ്ഞു, ""ഇത്ര വലിപ്പമുള്ള അങ്ങ് ഇത്ര ചെറിയ കുടത്തില്‍ എങ്ങനെ കയറി എന്നുള്ള എന്‍റെ സംശയം മാത്രം ദൂരീകരിച്ചു തരാന്‍ കനിവുണ്ടാകണമേ...''

വീണ്ടും അട്ടഹസിച്ച ഭൂതം, ""ഇത്ര നിസ്സാരമായ ഒരു ചോദ്യം ചോദിക്കാനാണോ ഈ വിലപ്പെട്ട സമയം പാഴാക്കിയതു നീ ?'' എന്നു വീണ്ടും അട്ടഹാസത്തോടെ ഭൂതം ചോദിച്ചു.

""എന്തായാലും ഞാന്‍ അങ്ങയുടെ ഭക്ഷണമായി ത്തീരുകയാണല്ലോ, കുറഞ്ഞത് ഈയൊരു സംശയ നിവൃത്തിയെങ്കിലും നടന്നാല്‍ വളരെ സന്തോഷം'' എന്നു മുക്കുവന്‍ പറഞ്ഞു.

""ശരി, കണ്ടോളൂ, നിസ്സാരമായ നിന്‍റെ സംശയം തീര്‍ത്തോളൂ'' എന്നു പറഞ്ഞ ഭൂതം വീണ്ടും പുകച്ചുരുളാകാന്‍ തുടങ്ങി. ധൂമപടലങ്ങള്‍ ചെറിയ ചെറിയ ചുരുളുകളായി കുടത്തിനകത്തു കയറി.

സന്തോഷകൊണ്ടു മതിമറന്ന മുക്കുവന്‍ അവസരം പാഴാക്കാതെ ക്ഷണനേരം കൊണ്ട് കുടത്തിന്‍റെ മൂടിയെടുത്തു കുടം അടച്ച് കയറുകൊണ്ടു വരിഞ്ഞു മുറുക്കിക്കെട്ടി. ഭൂതം അതിനകത്തുനിന്നു അലറിവിളിച്ചു. എങ്കിലും കുടത്തിനകത്തായതു കൊണ്ട് ശബ്ദം അധികമായി പുറത്തേക്കു വന്നില്ല. ""വേഗം തുറക്കൂ, എനിക്കു വിശക്കുന്നു, പെട്ടെന്നു തുറക്കൂ'' എന്നു വീണ്ടും ഭൂതം അകത്തുനിന്നും അലറി.

സന്തോഷവാനായ മുക്കുവന്‍, ""മണ്ടനായ ഭൂതമേ, നീയിനി ഒരിക്കലും കുടത്തിനു വെളിയില്‍ വന്നുകൂടാ, വന്നാല്‍ നീ എല്ലാവരെയും പിടിച്ചുതിന്നും. അതുകൊണ്ട് ഞാനിതു തുറക്കില്ല. എനിക്കു കുറച്ചു കാലം കൂടി ജീവിക്കണം.'' എന്നു പറഞ്ഞു കൊണ്ട് മുക്കുവന്‍ വരിഞ്ഞുകെട്ടിയ കുടമെടുത്ത് നദിയിലേക്ക് ഒരേറ്. എന്നിട്ടു ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തോടെ മുക്കുവന്‍ വീട്ടിലേക്കു പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :