ചില സ്ത്രീപക്ഷ ചിന്തകള്‍ !

അമ്പിളി

PTIPTI
ആവര്‍ത്തിച്ചു കാണുന്ന ആഡംബര കല്യാണങ്ങളും ഒരുക്കങ്ങളും പെണ്ണിന്‍റെ രക്ഷിതാക്കളുടെ ദുഃസ്വപ്നമായി മാറുന്ന സ്ഥിതിയാണ് ഇന്ന്. എല്ലാ അവകാശവാദങ്ങള്‍ക്കും ആവേശ പ്രഖ്യാപനങ്ങള്‍ക്കും മീതെ ഈ സുഖകരമല്ലാത്ത സത്യങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ പുരുഷനെ ഒളികണ്ണിട്ടുനോക്കി മുഖംകുനിച്ചു നടന്ന പെണ്‍കുട്ടി ഇന്നു ജീന്‍സും ഷര്‍ട്ടുമിട്ട് സ്കൂട്ടറില്‍ ചെത്തുന്നതും, ഫാഷന്‍ ഷോയില്‍ മേനി പ്രദര്‍ശിപ്പിക്കുന്നതും അത്ര വലിയ നേട്ടങ്ങളായി കാണേണ്ടതില്ലെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു. അവളുടെ വിധിയും തൂങ്ങുന്നത് ഇതേ സ്ത്രീധന തുലാസിലും, സാമൂഹിക സാഹചര്യങ്ങളിലുമാണ് എന്നതു മറന്നുകളയാന്‍ കഴിയില്ല.

പാടത്തു പണിയെടുക്കുന്ന അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകള്‍ക്കിടയില്‍ എത്ര വലിയ സാമൂഹിക മാറ്റങ്ങള്‍ സംഭവിച്ചു എന്നത് നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. പാര്‍ട്ടിയും യൂണിയനും പൊതുവായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് ഉപരി, വേതന സംവിധാനത്തില്‍ ഇപ്പോഴും അസമത്വം നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം വന്നപ്പോള്‍ സ്വാഭാവികമായും അതിനു മേധാവിയായത് പുരുഷനാണ്.

കുനിഞ്ഞും നിവര്‍ന്നും ജോലി ചെയ്യേണ്ടത് ആവശ്യമായി വരുന്ന കളപറിക്കലും ഞാറുനടലുമൊക്കെ സ്ത്രീയുടെ ‘കുത്തക’യായി അവശേഷിക്കുന്നു. കാര്‍ഷിക രംഗം ഇന്നും ബഹുഭൂരിപക്ഷം പേര്‍ ആശ്രയിക്കുന്ന ഒരു തൊഴില്‍ മേഖലയാണ്. പുരുഷനു നല്‍കുന്നതിന്‍റെ നേര്‍ പകുതിയാണ് സ്ത്രീക്ക് പലയിടത്തും വേതനം.

WEBDUNIA|
സ്ത്രീശാക്തീകരണത്തിനുള്ള സര്‍ക്കാര്‍ പദ്ധതി ‘കുടുംബശ്രീ‘ക്ക് കേരളത്തില്‍ നല്ല പ്രതികരണം ഉണ്ടാക്കാന്‍ സാധിച്ചു എന്നത് തെളിയിക്കുന്നത് അനുകൂല സാഹചര്യങ്ങളുടെ പ്രോത്സാഹനം ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് വളരെയധികം നേട്ടമുണ്ടാക്കാന്‍ കഴിയും എന്നതാണ്. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ വരുമാനം കൂടുതലായി കുടുംബത്തില്‍ എത്തുന്നു. അതുവഴി സമൂഹത്തിനും രാഷ്ട്രത്തിനും നേട്ടമുണ്ടാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :