|
മതസൌഹാര്‍ദ്ദഭൂമി കൂടിയാണ് മാടായി. കിള്ളാനദിക്കരയിലുള്ള മാടായിപ്പള്ളിയും മാടായിക്കാവും തമ്മിലുള്ള സൌഹൃദം ഇതിന് വ്യക്തമായ ഉദാഹരണമാണ്. കാവിലേക്കുള്ള തിടമ്പുമായി പോകുമ്പോള്‍ പള്ളിക്കടുത്തെത്തിയാല്‍ നമിക്കുമായിരുന്നു. അതുപോലെ കാവില്‍ ഉത്സവത്തിന് പള്ളിയില്‍ നിന്ന് വെള്ളിക്കാശ് നല്‍കുമായിരുന്നത്രെ. മാടായിപ്പള്ളി എ ഡി 1124ലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മാലിക് ദിനാര്‍ കുടുംബം പള്ളി സ്ഥാപിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ കോലത്തിരി സന്തോഷത്തോടെ സ്ഥാലം നല്‍കുകയായിരുന്നുവത്രേ. ഇവിടെ പ്രസിദ്ധമായ ബുദ്ധവിഹാരമായിരുന്നുവെന്നും പറയുന്നുണ്ട്.നിരവധി പടയോട്ടങ്ങളും സന്ധിസംഭാഷണങ്ങളും നടന്നയിടമാണ് മാടായി. പാളയം ഗ്രൌണ്ട് മാടായിപ്പാറയിലായിരുന്നു. 1765-66ഇല്‍ കുറേക്കാലം ഹൈദരാലിയും പട്ടാളവും ഇവിടെ തമ്പടിച്ചിരുന്നതായി ചരിത്രത്തില്‍ പറയുന്നു. ബ്രിട്ടിഷ് കമ്പനിയുമായി ഹൈദരാലി ചില സന്ധികളില്‍ ഒപ്പിട്ടത് ഇവിടെവച്ചാണ്.കേരളത്തില്‍ ഏറ്റവും അധികം ലിഗ്നെറ്റ് നിക്ഷേപമുള്ള സ്ഥലമാണ് മാടായിപ്പാറ. വടുകുന്ദ ക്ഷേത്രത്തില്‍ നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലത്താണ് ചീനക്കളിമണ്ണ് കൂടുതലുള്ളത്. ഇവിടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖനനം നടത്തിയിരുന്നെങ്കിലും പ്രകൃതി സ്നേഹികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിട്ടാണ് ഉള്ളത്. കളിമണ്‍ ഖനനം മാടായിപ്പാറയുടെ സംന്തുലിതാവസ്ഥയ്ക്ക് കോട്ടംവരുത്തുമെന്ന് ഭയക്കുന്നു. ഇവിടത്തെ വിശേഷങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. കാഴ്ചകള്‍ വാക്കുകളുടെ ഫ്രെയിമുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ല ഇവിടെ. മാടായിപ്പാറയിലെ ചരിത്രം വായിച്ചുതീര്‍ക്കാന്‍ ഇനിയും ഏറെയുണ്ട്. അവ വായിച്ചുതീര്‍ക്കാന്‍ കാലമെത്ര കഴിയുമെന്ന് പറയുക അസാധ്യം. ..................................................
കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലാണ് മാടായിപ്പാറ. പഴയങ്ങാടിയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. കണ്ണൂരില്‍ നിന്ന് മാടായിലേക്ക് ബസ് ലഭ്യമാണ്.