കാഴ്ചയുടെ വസന്തമൊരുക്കി മാടായിപ്പാറ

എഴുത്ത്: ഹണി ആര്‍ കെ/ ചിത്രങ്ങള്‍: പ്രവീണ്‍ രവീന്ദ്രന്‍

WEBDUNIA|
PRO
PRO
മഴക്കാലത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ. ഓണക്കാലത്ത് നീലക്കടല്‍ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലില്‍. കാലത്തിനനുസരിച്ച് ഇവിടത്തെ കാഴ്ചയും അനുഭവവും മാറും. അത് അനുഭവിച്ചുതന്നെ അറിയണം. വാക്കുകളില്‍ പകുക്കുകയെന്നത് അസാധ്യം.

മാടായിപ്പാറയിലെ മഴ പനിപിടിപ്പിക്കില്ല. മഴ കൂട്ടുകൂടാനെത്തുമ്പോള്‍ ഒപ്പം ചേരുക. സ്നേഹമായി അത് മനസ്സ് കുളിര്‍പ്പിക്കും. മഴച്ചാറ്റലില്‍ വാത്സല്യം നിറയും. മഴചാറ്റല്‍ മിണ്ടാതെ മിണ്ടും. കഥകള്‍ പറയും. കാറ്റിന്റെ ചെറിയ താരാട്ട് പാട്ട് അതിനൊപ്പമുണ്ടാകും. മഴ നനഞ്ഞ് തീരുമ്പോള്‍ മനസ്സില്‍ സങ്കടപ്പെയ്ത്ത് തുടങ്ങും. വീണ്ടും മഴയെ കാത്തിരിക്കാന്‍ തോന്നും. അങ്ങനെ ഓരോ മഴയ്ക്കുമിടയില്‍ ജീവിതം ജീവിച്ച് തീര്‍ക്കാന്‍ ആഗ്രഹിക്കും.

ചിങ്ങം അടുത്തെത്തിയാല്‍ നീലവസ്ത്രമണിയും. കാക്കപ്പൂക്കള്‍ മാടായിപ്പാറയെ ഒന്നാകെ വിഴുങ്ങും. കൃഷ്ണപൂവും, കണ്ണാന്തളിയും നിറഞ്ഞ് മാടായിപ്പാറ കണ്ണെത്താദൂരത്തോളം നീലക്കടല്‍ പോലെ സുന്ദരിയാകും. എരിക്കു തപ്പി, പൊന്തച്ചുറ്റന്‍, സ്വര്‍ണ്ണച്ചിറകുകളുള്ള ഗരുഡശലഭം, വിറവാലന്‍ തുടങ്ങി പേരുള്ളതും ഇനിയും പേരിടാത്തതുമായ നിരവധി പൂമ്പാറ്റകള്‍ വട്ടമിട്ട് പറക്കും. പലനിറത്തിലും വലുപ്പത്തിലുമുള്ളവ. ഒപ്പം തുമ്പികളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :