തിരുവനന്തപുരം|
Last Modified വ്യാഴം, 29 മെയ് 2014 (21:11 IST)
വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന്‍ പട്ടിയെപ്പോലെയാണ് ചീഫ് വിപ്പ് പി സി ജോര്‍ജ് എന്ന് ആന്‍റോ ആന്‍റണി എം പി. തന്നെ കൊലപ്പെടുത്താന്‍ പി സി ജോര്‍ജ് ക്വട്ടേഷന്‍ സംഘത്തെ അയച്ചെന്ന് ആരോപിച്ച ആന്‍റോ ആന്‍റണി ചീഫ് വിപ്പിനെ മാറ്റാന്‍ ചങ്കൂറ്റമുണ്ടോ എന്നും വെല്ലുവിളിച്ചു. കെ പി സി സി യോഗത്തിലാണ് ആന്‍റോ ആന്‍റണി പൊട്ടിത്തെറിച്ചത്.
എന്നെ കൊലപ്പെടുത്താന്‍ പി സി ജോര്‍ജ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി. 10 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ഇതുസംബന്ധിച്ച് ഞാന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പി സി ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫും എനിക്കെതിരെ പ്രവര്‍ത്തിച്ചു - ആന്‍റോ ആന്‍റണി ആരോപിച്ചു.
പി രാമകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് യോഗത്തില്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി പറഞ്ഞ രാമകൃഷ്ണന്‍ കെ സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. കെ കരുണാകരന്‍റെ പേരിലുള്ള ട്രസ്റ്റിന്‍റെ പേരില്‍ 30 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പ്രധാന ആരോപണം. മണ്ഡലത്തില്‍ സുധാകരന്‍ വിദേശിയെപ്പോലെയായിരുന്നു. എം പി എന്ന നിലയില്‍ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു - പി രാമകൃഷ്ണന്‍ പറഞ്ഞു.
ചാലക്കുടിയില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പി സി ചാക്കോ യോഗത്തില്‍ പറഞ്ഞത്. തന്നെ നിര്‍ബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്നും ചാക്കോ പറഞ്ഞു. തൃശൂരില്‍ മത്സരിച്ചാലും താന്‍ പരാജയപ്പെടുമായിരുന്നു എന്നും വികാരാധീനനായി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് ഈ രീതിയില്‍ പോയാല്‍ കുഴിച്ചുമൂടപ്പെടുമെന്ന് ടി സിദ്ദിക്ക് ആരോപിച്ചു.
ഇടുക്കിയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരിയെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. തന്‍റെ പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. ഇടുക്കിയിലെ തോല്‍വി അന്വേഷിക്കാന്‍ പി എം സുരേഷ്ബാബുവിന്‍റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ‘ജോക്കര്‍’ എന്നാക്ഷേപിച്ച ടി എച്ച് മുസ്തഫയെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.