‘സൂര്യനെല്ലിക്കേസ് അട്ടിമറിക്കപ്പെട്ടതില്‍ ഇടതുസര്‍ക്കാരിനും പങ്ക്‘!

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സൂര്യനെല്ലിക്കേസ് അട്ടിമറിക്കപ്പെട്ടതില്‍ കഴിഞ്ഞ ഇടതുസര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം എം ലോറന്‍സ്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് ഇക്കാര്യം പറഞ്ഞത്.

നായനാര്‍, വിഎസ് സര്‍ക്കാറുകളുടെ കാലത്ത് സൂര്യനെല്ലിക്കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണം. നായനാര്‍ അശ്രിതവത്സലനായിരുന്നു. പി ജെ കുര്യന്‍ നായനാരുടെ കാലില്‍ചെന്ന് വീണാല്‍ ഒഴിവാക്കിക്കൊടുത്തെന്നു വരാമെന്നും ലോറന്‍സ് പറഞ്ഞു.

ആശ്രിതവത്സലര്‍ അങ്ങനെയാണ്. അഞ്ചു വര്‍ഷക്കാലം ഭരിച്ച വിഎസ് എന്ത് കൊണ്ട് പുനരന്വേഷണം നടത്തിയില്ല എന്ന ചോദ്യം വളരെ പ്രധാനമാണെന്നും ലോറന്‍സ് പറഞ്ഞു.

തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്ന വി എസിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാത്തതിനെതിരെയും ലോറന്‍സ് വിമര്‍ശിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കണമെന്നാണ് വി എസ് ആഗ്രഹിക്കുന്നതെന്ന് ലോറന്‍സ് ആരോപിച്ചു.

അതുകൊണ്ടാണ് ലാവലിന്‍ കേസിനെക്കുറിച്ച് ഇപ്പോഴും വി എസ് ആരോപണം ഉന്നയിക്കുന്നത്. ലാവലിന്‍ കേസ് കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തതാണ്. പിണറായി വിജയന്‍ അതില്‍ നിരപരാധിയാണെന്നും പാര്‍ട്ടി പൊളിറ്റ് ബ്യുറോ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിനെതിരായ നിലപാടാണ് വി എസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വി എസിനെതിരെ നടപടി സ്വീകരിക്കാത്തത് പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യമാണ്. ഏറെക്കാലം സിഐടിയു ജനറല്‍ സെക്രട്ടറിയായിരുന്ന എം എം ലോറന്‍സ് അടുത്തിടെ കാസര്‍കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സിഐടിയുവില്‍ നിന്ന് ഒഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :