ആ നീചന്‍മാരുടെ പേരുകള്‍ ഡല്‍ഹി പെണ്‍കുട്ടി എഴുതി നല്‍കി!
ന്യൂഡല്‍ഹി|
WEBDUNIA|
PTI
കടുത്ത വേദനയില്‍ പിടയുമ്പോഴും അവള്‍ ആ നീചന്‍മാരുടെ പേരുകള്‍ ഒന്നൊന്നായി എഴുതി - രാം സിംഗ്, മുകേഷ്, വിനയ്, അക്ഷയ്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ബലാത്സംഗത്തിനിരയായി ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലിട്ട് കിടക്കവേ, സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലും അവള്‍ അവരുടെ പേരുകള്‍ മറന്നില്ല.
അവളെ ക്രൂരമായി കീഴ്പ്പെടുത്തുന്നതിനിടെ അക്രമികള്‍ പരസ്പരം പേരുവിളിച്ചതിന്‍റെ ഓര്‍മ്മയില്‍ ആശുപത്രിക്കിടക്കയില്‍ അവള്‍ ആ പേരുകള്‍ ഓര്‍മ്മിച്ചെടുത്തു. ഒരു ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു ‘നിര്‍ഭയ’യുടെ മൊഴി രേഖപ്പെടുത്തിയത്. അവള്‍ പേരുകളും വാക്കുകളും എഴുതിയ പേപ്പര്‍ ജഡ്ജി ഒപ്പിട്ട് കേസിനോട് ചേര്‍ത്തു. സി ആര്‍ പി സി വകുപ്പ് 164 അനുസരിച്ചാണ് പെണ്‍കുട്ടി നല്‍കിയ കുറിപ്പ് രേഖയില്‍ ഉള്‍പ്പെടുത്തിയത്.
മൊഴി രേഖപ്പെടുത്താനായി മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് പെണ്‍കുട്ടിയോട് ചോദിച്ചത്. അതായത് - ബസിന്‍റെ നിറം(വെളുപ്പ്), പെണ്‍കുട്ടി ബസില്‍ കയറിയ സ്ഥലം(മുനിര്‍ക്ക), ബസില്‍ ഉണ്ടായിരുന്നവരുടെ എണ്ണം(5-7), സംഭവം നടന്ന സമയം(9.30 പി എം) തുടങ്ങിയ ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങള്‍ രേഖപ്പെടുത്തുന്ന സമയത്ത് പെണ്‍കുട്ടിക്ക് തെളിഞ്ഞ ബോധമുണ്ടായിരുന്നു. ചോദ്യങ്ങളോട് സഹകരിച്ചിരുന്നതായും അര്‍ത്ഥവത്തായി പ്രതികരിച്ചതായും സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സ്വയം എഴുതിനല്‍കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നു. അസാധാരണമായ ധൈര്യവും ആത്മവിശ്വാസവുമാണ് അവള്‍ പ്രകടിപ്പിച്ചിരുന്നത്.
പിന്നീട് പെട്ടെന്ന് നില ഗുരുതരമാകുകയും വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റുകയും ചെയ്തു. സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ അവളുടെ അന്ത്യം സംഭവിക്കുകയും ചെയ്തു.