‘ശ്രീനാരായണ ഗുരു ഈഴവ ഗുരു’: സിബിഎസ്ഇ പാഠപുസ്തകം വിവാദത്തില്‍

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കേരളത്തിന്റെ നവോത്ഥാന നേതാവ് ശ്രീനാരായണ ഗുരു ഈഴവര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച ആളാണെന്ന പരാമര്‍ശമുള്ള സി ബി എസ് എ പാഠപുസ്തകം വിവാദത്തില്‍. എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ്‌ പാഠപുസ്തകമായ ഔര്‍ പാസ്റ്റ്‌സിന്റെ മൂന്നാം ഭാഗത്തിലെ ഒന്‍പതാം അദ്ധ്യായത്തിലാണ് ഇത്തരം ഒരു പരാമര്‍ശം ഉള്ളത്.

പുസ്തകത്തില്‍ ‘നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം’ എന്ന തലക്കെട്ടിന് താഴേയാണ് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ താണ ജാതിയില്‍പ്പെട്ടവരുടെ നീതിക്ക് വേണ്ടി പോരാടിയവരെക്കുറിച്ചാണ് ഈ ഭാഗം. ഇതിലാണ് ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി ചിത്രീകരിച്ചിരിക്കുന്നത്.

'താണ ജാതിയില്‍പ്പെട്ട ഈഴവരില്‍ നിന്നുള്ള ഗുരുവായ ശ്രീനാരായണ ഗുരു തന്റെ ജനതയുടെ ഐക്യത്തിനായുള്ള പ്രബോധനങ്ങള്‍ നല്‍കി. ഒരേ വര്‍ഗത്തിലോ ജാതിയിലോ പെട്ടവരില്‍ സമത്വം വേണമെന്ന്‌ ഗുരു പ്രഖ്യാപിച്ചു. ഒരേ ഒരു ഗുരുവില്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അത്‌ താനായിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു' എന്നാണ് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്.

‘ഒരു ജാതി ഒരുമതം ഒരു ദൈവം’ എന്ന ശ്രീനാരായണ ഗുരുവിന്റെ മഹത്തായ സന്ദേശത്തെ വളച്ചൊടിച്ച പാഠപുസ്തക അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയ പുസ്തകം 2008 മുതല്‍ പഠിപ്പിക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :