‘വിവാദപരസ്യ’ത്തിന് പിണറായിയുടെ പിന്തുണ

കൊച്ചി| WEBDUNIA|
PRO
വിവാദവ്യവസായി വി എം രാധാകൃഷ്ണന്‍റെ അഭിവാദ്യം അടങ്ങിയ പരസ്യം സി പി എം പ്ലീനത്തിന്‍റെ അവസാനദിവസം ദേശാഭിമാനിയില്‍ പ്രസിദ്ധീരിച്ചതിന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ ന്യായീകരണം. ദേശാഭിമാനിക്ക് ഫണ്ട് നല്‍കുന്നത് സി പി എം അല്ലെന്നും വാര്‍ത്തയും പരസ്യവും നല്‍കുമ്പോള്‍ മുന്‍‌കൂര്‍ അനുമതി വാങ്ങാറില്ലെന്നും പിണറായി പറഞ്ഞു.

സി പി എം ഫണ്ട് നല്‍കി നടത്തുന്ന പത്രമല്ല ദേശാഭിമാനി. പത്രം സ്വന്തം നിലയിലാണ് ഫണ്ട് കണ്ടെത്തുന്നത്. വാര്‍ത്തയും പരസ്യവും നല്‍കുമ്പോള്‍ മുന്‍‌കൂര്‍ അനുമതി വാങ്ങാറില്ല. എന്നാല്‍ ആവശ്യമെന്നുള്ളപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തേണ്ട സമയത്ത് തിരുത്തും - പിണറായി വിജയന്‍ വ്യക്തമാക്കി.

പ്ലീനത്തിന്‍റെ അവസാനദിവസം താന്‍ ബോധപൂര്‍വമാണ് പരസ്യം നല്‍കിയതെന്നാണ് വ്യവസായി രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ആ നിലപാടിലെ വ്യക്തത പരസ്യവുമായി ബന്ധപ്പെട്ട സഖാക്കള്‍ക്ക് ഉണ്ടായിരുന്നോ എന്നത് മറ്റൊരു കാര്യം. പ്ലീനം വിജയിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി ഫണ്ട് ശേഖരിച്ചിട്ടുണ്ട്. അതേപ്പറ്റി എന്തെങ്കിലും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടോ? - പിണറായി ചോദിച്ചു.

എളമരം കരീമിനെതിരായ ആരോപണത്തെയും പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. ഒരു മന്ത്രിക്ക് നല്‍കാനായി പണം ചാക്കില്‍ കെട്ടി കാറില്‍ കൊണ്ടുവന്നു എന്നൊക്കെ പറയുന്നത് അവിശ്വസനീയമാണ്. പ്ലീനം തുടങ്ങുന്ന അന്നുതന്നെ വിവാദം ഉയര്‍ന്നതിനാല്‍ ലക്‍ഷ്യം വ്യക്തമാണല്ലോ. പ്ലീനത്തോടെ പാര്‍ട്ടി കൂടുതല്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വലതുപക്ഷമാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :