തിരുവനന്തപുരം|
AISWARYA|
Last Modified തിങ്കള്‍, 31 ജൂലൈ 2017 (11:40 IST)
ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ ജയശങ്കര്‍. സംഭവമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാര്യയോട് പറയാന്‍ പറ്റാത്തത് മാധ്യമപ്രവര്‍ത്തകരോട് തീര്‍ത്തതാണ് മുഖ്യമന്ത്രി. ഓരോരുത്തര്‍ക്കും ഒരോ സംസ്കാരമുണ്ട് അത് നമുക്ക് മാറ്റാനാവില്ലല്ലോ’ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് ജയശങ്കര്‍ പറയുന്നു.
സംസ്ഥാനത്തെ ബിജെപി ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചിരുന്നു. ഈ നടപടിയും പിണറായി വിജയനെ ചൊടിപ്പിച്ചിട്ടുണ്ടാവാമെന്ന് ജയശങ്കര്‍ പറയുന്നു. ‘ഗവര്‍ണര്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ. ഗവര്‍ണറോട് ചൂടാവാനാവില്ല. അത് മാധ്യമപ്രവര്‍ത്തകരോട് തീര്ത്തതാവാമെന്നും' അദ്ദേഹം വ്യക്തമാക്കി.
കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരോട് ഇത്തരമൊരു രീതിയില്‍ പെരുമാറിയിട്ടില്ല. മുഖ്യമന്ത്രിമാരെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും പല മാധ്യമങ്ങളും മുമ്പും വാര്‍ത്ത നല്‍കിയിട്ടുണ്ട്. അപ്പോഴൊന്നും അവര്‍ ഇത്തരമൊരു രീതിയില്‍ പ്രതികരിച്ചിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.