'കടക്ക് പുറത്ത്'... മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച് മുഖ്യമന്ത്രി

മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 31 ജൂലൈ 2017 (11:02 IST)
തിരുവനന്തപുരത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ചര്‍ച്ച ആരംഭിച്ചു. സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കി. ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ രോക്ഷ പ്രകടനം.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനായി ബിജെപി നേതാക്കള്‍ ഇരിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പ്രവേശിക്കാന്‍ പിണറായി വിജയന്‍ വാതില്‍ക്കല്‍ എത്തിയ സമയത്തായിരുന്നു മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നാണ് കടക്ക് പുറത്ത് എന്നു പറഞ്ഞ് അദ്ദേഹം എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ഇറക്കിവിട്ടത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനോട് മുഖ്യമത്രിയ്ക്ക് താത്പര്യമില്ലെന്നായിരുന്നു പിന്നീട് ഹോട്ടലിന് പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ ഹോട്ടല്‍ അധികൃതര്‍ അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി. ഗോപാലന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :