സംസ്ഥാനത്തെ ബോട്ടുകള്‍ക്കുള്ള സുരക്ഷാച്ചട്ടങ്ങള്‍ ഉടന്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്‍റെ കരടു രൂപം ഒരു മാസത്തിനകം ഉണ്ടാക്കണമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
അടുത്ത ബോട്ടു ദുരന്തത്തിനു വേണ്ടി സര്‍ക്കാര്‍ കാത്തു നില്‍ക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. തേക്കടി ബോട്ടപകടത്തെ സംബന്ധിച്ചുള്ള ഹര്‍ജികളുടെ വാദം കേള്‍ക്കവെയാണ് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വീണ്ടും വിമര്‍ശിച്ചത്.
സുരക്ഷാ ചട്ടങ്ങള്‍ രൂപീകരിക്കുമെന്ന് സര്‍ക്കാരിന്‍റെ വിശദീകരണത്തില്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ വിശ്വസിക്കാനാവില്ല. ബോട്ടപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുകയാണ്. ജസ്റ്റിസ് നാരായണക്കുറുപ്പ്, ജസ്റ്റിസ് പരീതുപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ ഇപ്പോഴത്തെ അവസ്ഥ ഖേദകരമാണ്.
രണ്‌ടു റിപ്പോര്‍ട്ടുകളും സെക്രട്ടേറിയറ്റില്‍ ഫയല്‍ കൂമ്പാരങ്ങള്‍ക്കിടയില്‍ പൊടിപിടിച്ച് കിടക്കുകയാണെന്നും കോടതി പറഞ്ഞു.