‘ഫലം വരട്ടെ, വി‌എസ് വീണ്ടും ചിരിക്കും’

തിരുവനന്തപുരം| WEBDUNIA|
PRO
തദ്ദേശതെരഞ്ഞെടുപ്പ് ഫലം അറിഞ്ഞുകഴിയുമ്പോള്‍ കേരളത്തിന് വീണ്ടും മുഖ്യമന്ത്രി അച്യുതാനന്ദന്റെ ‘വിശ്വപ്രസിദ്ധമായ’ ചിരി കാണാനാകുമെന്ന് കേരളാ കോണ്‍‌ഗ്രസ് ബി ചെയര്‍‌മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ഒരു പ്രമുഖ ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് എല്‍‌ഡി‌എഫിന്റെ പരാജയം പ്രവചിച്ചിരിക്കുന്നത്. പരാജയം കണ്ട് അച്യുതാനന്ദന്‍ ആഹ്ലാദിക്കുമെന്നും ബാലകൃഷ്ണപിള്ള പറയുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന 2009 മെയ് 16-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ അച്യുതാനന്ദന്‍ ഒരു ‘ചിരി’ ചിരിച്ചിരുന്നു. കേരളത്തില്‍ പാര്‍ട്ടി തോറ്റമ്പിയ സാഹചര്യത്തില്‍ വി‌എസിന്റെ ചിരിയെ വഞ്ചകന്റെ ചിരിയെന്നാണ് സുകുമാര്‍ അഴീക്കോട് വിളിച്ചത്. 'ആഘോഷച്ചിരി' എന്നും ‘ഒടുക്കത്തെ ചിരി’ എന്നും ആ ചിരിയെ പാര്‍ട്ടി പത്രം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. എന്തായാലും അത്തരമൊരു ചിരി വീണ്ടും വി‌എസില്‍ നിന്ന് പ്രതീക്ഷിക്കാം എന്നാണ് ബാലകൃഷ്ണപിള്ള എഴുതിയിരിക്കുന്നത്.

“പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകും. പാര്‍ട്ടിക്കു കീഴ്പ്പെടാന്‍ മുഖ്യമന്ത്രി തയാറല്ല. അതാണു കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ സീറ്റുകളില്‍ ഇടതുമുന്നണി വിജയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ ഒരിക്കല്‍ക്കൂടി ചിരിക്കും. പാര്‍ട്ടിതോല്‍ക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ ചിരി അപ്പോള്‍ കാണാനാകും” - ബാലകൃഷ്ണപിള്ള എഴുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :