‘പരാതിക്കാരിയെ 2006 മുതല്‍ പരിചയമുണ്ട്, മകനു വേണ്ടി വിവാഹാലോചന നടത്തിയില്ല‘: ജോസ് തെറ്റയില്‍ വിശദീകരിക്കുന്നു

കൊച്ചി| WEBDUNIA|
PRO
ലൈംഗികാരോപണത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന തെറ്റയില്‍ ഒടുവില്‍ മാധ്യമങ്ങളെ കണ്ടു. എന്തിനാണ് ഒളിവില്‍ പോയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ മാറി നിന്നിട്ടൊന്നുമില്ലെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു തുറന്ന ചര്‍ച്ച നടത്തുന്നത് ശരിയല്ലെന്ന് കരുതിയാണ് മറുപടി നല്‍കാതിരുന്നതെന്നും കേസ് കോടതിയില്‍ എത്തിയതിനാല്‍ മറുപടി പറയുന്നില്ലെന്നും പറയാനുള്ളത് കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും തെറ്റയില്‍ പറഞ്ഞു.

എംഎല്‍എ സ്ഥാനത്ത് തുടരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തുടരാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് തെറ്റയില്‍ ചോദിച്ചു. പരാതിക്കാരിയായ യുവതി ദൃശ്യങ്ങള്‍ ചിത്രീകരിച്ച ലാപ്ടോപ്പും ക്യാമറയും തെറ്റയിലിനു കൈമാറിയിരുന്നെന്ന് പറഞ്ഞത് ചൂണ്ടിക്കാ‍ട്ടിയപ്പോള്‍ അതിനുള്ള മറുപടിയും കോടതിയെ അറിയിച്ചെന്നു പറഞ്ഞ് തെറ്റയില്‍ ഒഴിഞ്ഞു മാറി.

2006- 07 മുതല്‍ പരാതിക്കാരിയായ യുവതിയെ വീട്ടുകാരെയും പരിചയമുണ്ടെന്നും പക്ഷേ മകനുവേണ്ടി കല്യാണമൊന്നും ആലോചിച്ചിട്ടില്ലെന്നും തെറ്റയില്‍ പറഞ്ഞു. എങ്ങനെ അറിയാമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ വോട്ടറായതിനാലാണെന്നായിരുന്നു തെറ്റയിലിന്റെ മറുപടി.

ബുധനാഴ്ച വൈകുന്നേരമാണ് ജോസ് തെറ്റയില്‍ കൊച്ചിയില്‍ അഭിഭാഷകനായ എം കെ ദാമോദരന്‍റെ കൊച്ചിയിലെ വസതിയിലെത്തിയത്. ലൈംഗിക വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ 17 ദിവസങ്ങളായി ജോസ് തെറ്റയില്‍ ഒളിവിലായിരുന്നു. തെറ്റയിലിനെതിരായ ലൈംഗികാരോപണക്കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എഫ്ഐആറും തുടര്‍ നടപടികളുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പത്തു ദിവസത്തേക്കാണ് ഹൈക്കോടതി സ്റ്റേ. ഈ സാഹചര്യത്തിലാണ് തെറ്റയില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

നിലവിലില്ലാത്ത കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തെറ്റയിലിനെതിരായ ബലാത്സംഗക്കേസ് നില നില്‍ക്കുന്നതല്ലെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലൈംഗികാരോപണക്കേസില്‍ തെറ്റയിലിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :