കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ പരിസ്ഥിതി സ്നേഹം കാപട്യമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കര്‍ണാടകക്കാരനായ ജയറാം രമേശ് വലിയ പരിസ്ഥിതിവാദിയായാണ് അറിയപ്പെടുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തിലൂടെ ജയറാം രമേശ് പരിസ്ഥിതി വിരുദ്ധനും ജനവിരുദ്ധനുമാണെന്ന് തെളിയിച്ചു കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇത്ര അപകടകാരിയാണെന്ന് തനിക്കറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മഹാരാഷ്ട്രയിലെ പഞ്ചസാര ലോബിയുടെ ആളാണ് കൃഷിമന്ത്രി ശരദ് പവാറെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വീണ്ടും പഠനം നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് പൈശാചികമാണ്. കോണ്‍ഗ്രസിന്റേയും യു പി എ സര്‍ക്കാരിന്റേയും കൂട്ടായ നിലപാടാണിത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹോദരങ്ങള്‍ മരിക്കട്ടെ, കുത്തക ലോബി വളരട്ടെ എന്ന കേന്ദ്രത്തിന്റെ നിലപാട് വച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.