‘കവിയൂര്‍’ പൊങ്ങുന്നു; അന്വേഷണം ഉണ്ടാകും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സിബിഐ കോടതിയില്‍ കുറ്റാന്വേഷണ വാരികയായ ക്രൈമിന്റെ എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഒരുപക്ഷേ കവിയൂര്‍ കേസിന് ശാപമോക്ഷം നല്‍‌കും. കവിയൂര്‍ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ന്യായമാണെന്ന് കോടതി നിരീക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ടിഎസ്‌പി മൂസത്‌ ഈ അഭിപ്രായം രേഖപ്പെടുത്തിയത്‌.

മറ്റാരുമല്ല സ്വന്തം അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയാണ് അനഘയെ പീഡിപ്പിച്ചത് എന്ന സിബിഐയുടെ നിഗമനത്തെ ചോദ്യം ചെയ്താണ്‌ നന്ദകുമാര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഈ നിഗമനം ശരിവയ്ക്കുന്ന യാതൊന്നും സി‌ബി‌ഐക്ക് ലഭിച്ചിട്ടില്ലെന്നും അനഘയെയും കുടുംബത്തെയും കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ്‌ നന്ദകുമാറിന്റെ ആരോപണം.

അനഘയും കുടുംബവും മരിച്ച സംഭവം സിബിഐ ഇക്കാര്യം വേണ്ടവിധത്തില്‍ അന്വേഷിച്ചില്ലെന്നും നന്ദകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുനരന്വേഷണ ആവശ്യം ന്യായമാണെങ്കിലും സിബിഐ നിലപാട്‌ അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെന്നും കോടതി വ്യക്തമാക്കി.

കൂട്ട ആത്മഹത്യയ്ക്കു മുന്‍പ്‌ അനഘയെ പിതാവായ നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചിരിക്കാം എന്നു കാണിച്ച്‌ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ നാരായണന്‍ നമ്പൂതിരിയുടെ അനുജന്‍ ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി സിബിഐ കോടതിയെ ഈമാസമാദ്യം സമീപിച്ചിരുന്നു.

അനഘയെ പീഡിപ്പിച്ചത്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരി ആണെന്ന മുന്‍ നിലപാടാണ്‌ സി‌ബി‌ഐ കോടതിയില്‍ ആവര്‍ത്തിച്ചത്‌. ഈ കേസില്‍ നേരത്തെ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്‌ അംഗീകരിക്കണമെന്നും പുതിയ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ തള്ളണമെന്നും സിബിഐ കോടതിയോട് അപേക്ഷിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :