കിളിരൂര്‍ പീഡനക്കേസില്‍ കുറ്റക്കാരായ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ് വിധിച്ചു. മൂന്ന് പ്രതികള്‍ക്ക് 35,000 രൂപ വീതവും അഞ്ചാം പ്രതി കൊച്ചുമോന് 45,000 രൂപയും ലതാനായര്‍ക്ക് 10,000 രൂപയും പിഴയും വിധിച്ചു. ഈ തുക ശാരിയുടെ കുഞ്ഞിന് കൈമാറണം. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ടിഎസ്പി മൂസതാണ് ശിക്ഷ വിധിച്ചത്.
അഞ്ചാം പ്രതി കൊച്ചുമോന് അഞ്ച് വര്‍ഷത്തെ തടവ് അധികമായും വിധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റത്തിനാണിത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
മല്ലപ്പള്ളി സ്വദേശിനിയും ഇടനിലക്കാരിയുമായ ലതാ നായര്‍, മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരായ ചേര്‍ത്തല സ്വദേശി പി പ്രവീണ്‍, തിരുവൈരാണിക്കുളം സ്വദേശി എം മനോജ്, തൃപ്പൂണിത്തറ സ്വദേശി എ പ്രശാന്ത്, നാട്ടകം സ്വദേശി കൊച്ചുമോന്‍ എന്ന എ ബിനു എന്നിവരാണ് കുറ്റക്കാര്‍.
ശാരിയെ പീഡിപ്പിക്കുന്നതിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയതായി കോടതി കണ്ടെത്തി. ലതാ നായര്‍ ഒഴികയുള്ള പ്രതികള്‍ ശാരിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായും കണ്ടെത്തി.
കേസിലെ ഒന്നാം പ്രതി ഓമനക്കുട്ടിയെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഏഴാം പ്രതി സോമനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയക്കുകയായിരുന്നു.