ഇടുക്കി ജില്ലയില്‍ ഇനിയും ഉരുള്‍പൊട്ടിയേക്കുമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധര്‍. പ്രകൃതിദുരന്തം ഉണ്ടായ ഇടുക്കിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വിദഗ്ധസംഘം ഇതറിയിച്ചത്. ഇടുക്കിയിലെ മണ്ണിന്റെയും പ്രകൃതിയുടെയും ഘടന ഉരുള്‍പൊട്ടലിന് അനുകൂലമാണെന്നാണ് സെസ് നടത്തിയ പഠനം തെളിയിക്കുന്നത്. മഴ ഇനിയും ശക്തി പ്രാപിക്കുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയാണ് സെസ് പറയുന്നത്.
കഴിഞ്ഞ നാല്, അഞ്ച് തീയ്യതികളിലാണ് ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രകൃതിദുരന്തം ഉണ്ടായത്. 22 ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. രണ്ട് ദിവസങ്ങളിലായി 13 പേരാണ് ജില്ലയില്‍ മഴയെ മരണമടഞ്ഞത്. ദുരന്തം ഉണ്ടായ ദിവസങ്ങളിലെ ശക്തമായ കാറ്റും മഴയും ഉരുള്‍പൊട്ടല്‍ വ്യാപകമാകാന്‍ കാരണമായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഉരുള്‍പൊട്ടല്‍ സാധ്യതയെ കുറിച്ച് പഠനം നടത്തി മാപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ജില്ലാ തലങ്ങളില്‍ മാത്രമാണ് നിലവിലുള്ളത്. വിശദമായ മാപ്പുകള്‍ ഉടന്‍ തയ്യാറാക്കുമെന്നും സെസ് അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ 268 കോടി രൂപയുടെ നഷ്ടമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്.