aparna|
Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (09:03 IST)
പ്ല്സടുവില്‍ മികച്ച മാര്‍ക്ക് വാങ്ങി പാസായിട്ടും മെഡിക്കല്‍ പ്രവേശനം കിട്ടാത്തതില്‍ മനംനൊന്ത്
ആത്മഹത്യ ചെയ്ത അനിതയുടെ കുടുംബം സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കി. അനിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈയിലും അനിതയുടെ ജന്മനാട്ടിലും പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പളനിസാമി അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് കുടുംബം നിരസിച്ചത്.
അനിത മരിച്ചത് സര്‍ക്കാരിന്റെ ധനസഹായത്തിന് വേണ്ടിയല്ലെന്നും നീറ്റ് ഒഴിവാക്കാന്‍ വേണ്ടിയാണെന്നും സഹോദരന്‍ മണിരത്‌നം പറഞ്ഞു. അതേസമയം, അനിതയുടെ മരണത്തിനു ഉത്തരവാദി ബിജെപി സര്‍ക്കാര്‍ ആണെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ ആരോപിക്കുന്നു. മരണത്തില്‍ പ്രതിഷേധം ഇപ്പോഴും ആളിക്കത്തുകയാണ്.
സംഭവത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് നടന്‍മാരായ കമല്‍ ഹാസനും രജനീകാന്തും രംഗത്തെത്തിയിരുന്നു.
നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിന് ഒരു വര്‍ഷത്തെ ഇളവുതേടിക്കൊണ്ടുളള ഓര്‍ഡിനന്‍സിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി നീറ്റില്‍ നിന്ന് ഇളവു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേത്. കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെത്തുടര്‍ന്ന് സുപ്രീം കോടതി ഹര്‍ജി തളളുകയായിരുന്നു.