തൃശൂർ|
jibin|
Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (17:12 IST)
ഹോണടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ എൻജിനീയറുടെ കൈ ഗുണ്ടകള്‍ തല്ലിയൊടിച്ചു. എൻജിനീയറായ ഗിരീഷ്കുമാറിനെയാണ് (39) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വലക്കാവ് മാഞ്ഞാമറ്റത്തിൽ സാബു വിൽസൺ (27), കേച്ചേരി പാറന്നൂർ കപ്ലേങ്ങാട് അജീഷ് (30) എന്നിവര്‍ ആക്രമിച്ചത്. ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഹോണടിച്ചെന്ന കാരണത്താലാണ് ഗിരീഷ്കുമാറിനെ ആക്രമിക്കാന്‍ നഗരത്തിലെ ഒരു പ്രമുഖ അഭിഭാഷകന്‍ ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്റെ ഭാഗമായിട്ടാണ് കൃത്യം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് വ്യക്തമാക്കി. കൈയ്‌ക്ക് രണ്ട് ഒടിവുകള്‍ ഉണ്ടായതിനാല്‍ എൻജിനീയറെ അടിയന്തര ശസ്ത്രക്രിയ്ക്കു വിധേയനാക്കി.
ഉത്രാടനാളില്‍ കൂർക്കഞ്ചേരിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന പുളിക്കത്തറ ഗിരീഷ്കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.
ശക്തൻനഗറിനു സമീപത്തെ മാളിൽ നിന്നും ഇയാള്‍ സാധനങ്ങള്‍ വാങ്ങി കാറുമായി പുറത്തേക്ക്
ഇറങ്ങുമ്പോള്‍ അഭിഭാഷകന്റെ കാർ ഗിരീഷിന്റെ വാഹനത്തിനു മുന്നിൽ മാർഗതടസമുണ്ടാക്കി നിന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
അഭിഭാഷകന്‍ കാര്‍ മുന്നോട്ടു മാറ്റുന്നില്ലെന്ന് മനസിലാക്കിയ ഗിരീഷ് തുടര്‍ച്ചയായി ഹോണടിച്ചു. ഇതോടെ കലിപൂണ്ട് കാറില്‍ നിന്നും പുറത്തിറങ്ങിയ അഭിഭാഷകന്‍ ഗിരീഷുമായി തര്‍ക്കിക്കുകയും ബഹളം വെക്കുകയും ചെയ്‌തു.
സംഭവശേഷം ഗിരീഷ് കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ അഭിഭാഷകന്റെ നിര്‍ദേശാനുസരണം സാബുവും അജീഷും ഇയാളെ മറ്റൊരു കാറില്‍ പിന്തുടരുകയും ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് ഇരുമ്പുവടി ഉപയോഗിച്ച് കൈ തല്ലിയൊടിക്കുകയുമായിരുന്നു.