കേരളീയ മനസാക്ഷി ഉറപ്പിച്ച ഗോവിന്ദച്ചാമിയുടെ തൂക്കു കയറെന്ന വിധി ശരിവച്ച് ഹൈക്കോടതിയുടെ ഉത്തരവ്. തൃശൂര്‍ അതിവേഗക്കോടതിയുടെ വിധിക്കാണ് ഗോവിന്ദച്ചാമിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി ശരിവച്ചത്.
ജസ്റ്റിസുമാരായ ടി.ആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ എന്നിവര്‍ ഉള്‍പ്പെടെട ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. 2011 ഫെബ്രുവരി ഒന്നിനായിരുന്നു എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
ചരിത്രത്തില്‍ അപൂര്‍വമായ 11.11.11 എന്ന തീയതിയില്‍ 11.11.11 എന്ന സമയത്താണ് തൃശൂര്‍ ഒന്നാംനമ്പര്‍ അതിവേഗകോടതി തമിഴ്നാട് വിരുതാചലം ഐവതക്കുടി സ്വദേശിയായ ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ വിധിച്ചത്.
പ്രതി ജീവിച്ചിരുന്നാല്‍ സ്ത്രീസമൂഹത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയായിരുന്നു ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ രവീന്ദ്രബാബുവിന്‍െറ സുപ്രധാന വിധി.
2011 ഫെബ്രുവരി ഒന്നിന് രാത്രിയാണ് എറണാകുളം പാസഞ്ചറില്‍ ഷൊര്‍ണൂരിലേക്ക് വരുന്നതിനിടെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷന് സമീപം വെച്ച് ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട് സൗമ്യയെ ക്രൂരമായി പിച്ചിച്ചീന്തിയത്.
വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ഹൈകോടതിയെ സമീപിച്ച അന്നുതന്നെ, കേസില്‍ ജില്ലാ കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷനല്‍ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ എ സുരേശനും പ്രതിജ്ഞയെടുത്തിരുന്നു; തന്‍െറ മകളുടെ പേരുള്ള മറ്റൊരു മകളെ പിച്ചിച്ചീന്തിയ ഈ ക്രൂരനെ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന്.