തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 3 ജൂണ്‍ 2010 (17:45 IST)
PRO
സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നത് കുരുടന്‍ ആനയെ കണ്ടതുപോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കാര്യം എന്ന ആമുഖത്തോടെയാണ് പിണറായി സ്വത്വരാഷ്ട്രീയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
പത്രങ്ങളുടെ ലേ ഔട്ടും മറ്റും പുരോഗമിച്ചെങ്കിലും വാര്‍ത്ത കൈകാര്യം ചെയ്യുന്ന രീതിയില്‍ പുരോഗതിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തകളെ അവയുടെ പശ്ചാത്തലത്തോട് ചേര്‍ത്തുവെക്കുന്നതായിരുന്നു പത്രപ്രവര്‍ത്തകരിലെ പഴയ തലമുറ. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളെ പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വിന്യസിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.
ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ സ്വത്വവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. ആ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണ്. എന്നാല്‍ സ്വത്വരാഷ്ട്രീയത്തെച്ചൊല്ലിയുള്ള ചേരിതിരിവ് തൊഴിലാളി വര്‍ഗത്തെ ശിഥിലമാക്കുമെന്നും സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും പിണറായി പറഞ്ഞു.
വര്‍ഗ ഐക്യമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് ശരിയല്ല. സ്വത്വബോധത്തെ വര്‍ഗബോധമായി പരിവര്‍ത്തനപ്പെടുത്തുകയാണ് തൊഴിലാളിപ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്നും പിണറായി പറഞ്ഞു.