സ്വകാര്യബസ്‌ ഇടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു; നാട്ടുകാര്‍ ബസ് കത്തിച്ചു

തൊടുപുഴ| WEBDUNIA|
PRO
PRO
വണ്‍വേ തെറ്റിച്ച്‌ വന്ന സ്വകാര്യബസ്‌ ഇടിച്ച്‌ കോളേജ്‌ വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ബസ്‌ കത്തിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ്‌ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും തെക്കുംഭാഗം സ്വദേശിയുമായ ജ്യോതിസാണ്‌ മരിച്ചത്‌.

വൈകുന്നേരം നാലു മണിയോടെ തൊടുപുഴ മങ്ങാട്ടു കവലയിലാണ്‌ അപകടമുണ്ടായത്‌. വണ്‍വേ തെറ്റിച്ച്‌ ഓടിയ ബസ്‌ എതിരേ വരികയായിരുന്ന ബൈക്ക്‌ യാത്രികരായ വിദ്യാര്‍ത്ഥികളെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ബൈക്കില്‍ പിന്നിലിരുന്ന്‌ യാത്ര ചെയ്യുകയായിരുന്നു ജ്യോതിസ്‌. ബൈക്ക്‌ ഓടിച്ചിരുന്ന വിഷ്‌ണുവിനെ സാരമായ പരിക്കുകളോടെ ഇടുക്കിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‌.

സംഘര്‍ഷം പിന്നീട് ബസ് സ്റ്റാന്‍ഡിലേക്ക് നീളുകയും നിര്‍ത്തിയിട്ടിരുന്ന രണ്ടു ബസുകളുടെ പിന്‍ ഭാഗത്തെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഏതാനും ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അക്രമം നടത്തിയ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്‌ പിന്നാലെ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ ആദ്യം ബസിന്‌ കേടുപാടുകള്‍ വരുത്തുകയായിരുന്നു. പിന്നീട്‌ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാട്ടുകാര്‍ കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ സംഘര്‍ഷഭരിതമായി. നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ തീവച്ചതോടെ ബസ്‌ പൂര്‍ണ്ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെത്തി തീയണച്ചു.സംഭവത്തെ തുടര്‍ന്ന് തൊടുപുഴയില്‍ ഗതാഗതം തടസപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :