സ്പീക്കറുടെ കസേര മറിച്ചിട്ട് പ്രതിപക്ഷം

നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത കാഴ്ചകള്‍ക്കാണ് കേരള നിയമസഭ സാക്‌ഷ്യം വഹിക്കുന്നത്. ധനമന്ത്രി കെ എം മാണി നിയമസഭയില്‍ എത്താനുള്ള എല്ലാ വഴികളും മുടക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സ്പീക്കറുടെ ഡയസും പ്രതിപക്ഷം കൈയേറിയത്. സ്പീക്കര്‍ അനുമതി നല്കിയാല്‍ മാത്രമേ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലായിരുന്നു സ്പീക്കറുടെ ഡയസ് പ്രതിപക്ഷം കൈയേറിയത്.
 
ഡയസ് കൈയേറിയ പ്രതിപക്ഷം സ്പീക്കറുടെ കസേര മറിച്ചിട്ടു. ഒപ്പം തന്നെ, സ്പീക്കറുടെ മൈക്കും മറ്റു വസ്തുക്കളും തട്ടിമറിച്ചിട്ടു. തുടര്‍ന്ന്, സ്പീക്കര്‍ ഡയസില്‍ എത്തുന്നത് പ്രതിപക്ഷം തടഞ്ഞു.
 
തുടര്‍ന്ന് ചേംബറിലെത്തിയ സ്പീക്കര്‍ ബജറ്റ് അവതരിപ്പിക്കാന്‍ ആംഗ്യത്തിലൂടെ ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്കുകയായിരുന്നു. നിര്‍ദ്ദേശം ലഭിച്ച ധനമന്ത്രി കെ എം മാണി തന്റെ പതിമൂന്നാം ബജറ്റ് വായിച്ചു തുടങ്ങി. ഭരണപക്ഷ അംഗങ്ങളുടെയും വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും കനത്ത സുരക്ഷയിലാണ് ബജറ്റ് വായിച്ചത്. ആദ്യത്തെ ഏതാനും വരികള്‍ വായിച്ച് ബജറ്റ് സഭയുടെ മേശപ്പുറത്ത് ധനമന്ത്രി വെച്ചു.
 
ധനമന്ത്രിയെ ഭരണപക്ഷ അംഗങ്ങള്‍ അനുമോദിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു.
തിരുവനന്തപുരം:| JOYS JOY| Last Updated: വെള്ളി, 13 മാര്‍ച്ച് 2015 (09:26 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :