സോളാറില്‍ ഡിഐ‌ജിയുടെ പങ്കെന്ത്? ലാവ്‌ലിനില്‍ കാര്‍ത്തികേയനെയും പ്രതി ചേര്‍ക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പു കേസ്‌ അട്ടിമറിച്ചതില്‍ ജയില്‍ ഡിഐജി: എച്ച്‌ ഗോപകുമാറിന്റെ പങ്ക്‌ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറാകണമെന്ന്‌ ബി.ജെ.പി സംസ്‌ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ തുടക്കം മുതലുണ്ടായിരുന്ന ജി കാര്‍ത്തികേയനെയും പിണറായി വിജയനെ പോലെ പ്രതിയാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അനധികൃതമായ ജയില്‍ സന്ദര്‍ശനത്തിലൂടെ സരിതയുടെ മുറിയിലെത്തിയ ഡിഐജി അവരുമായി സംസാരിച്ച ശേഷമാണ്‌ കേസ്‌ അട്ടിമറിക്കപ്പെട്ടത്‌. സരിതയുടെയും സോളാര്‍ ടീമിന്റെയും ബാങ്ക്‌ അക്കൗണ്ടുകളില്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമേ പണമുള്ളൂവെന്നാണ്‌ പോലീസ്‌ ഭാഷ്യം. അതേ സമയം തിരുവനന്തപുരം പത്തനംതിട്ട മജിസ്‌ട്രേറ്റ്‌ കോടതികളില്‍ തട്ടിപ്പിന്‌ ഇരയായവര്‍ക്ക്‌ പണം നല്‍കികൊള്ളാമെന്ന്‌ സരിത പറഞ്ഞതായുള്ള വിവരങ്ങളും പുറത്തു വരുന്നു. സോളാറിലൂടെ തട്ടിച്ചെടുത്ത പണം ബിജു രാധാകൃഷ്‌ണനും ശാലൂമേനോനും കൈക്കലാക്കിയെന്നു പറയുന്ന സരിത തട്ടിപ്പിന്‌ ഇരയായവര്‍ക്ക്‌ എവിടെ നിന്ന്‌ പണം നല്‍കുമെന്ന്‌ വ്യക്‌തമാക്കണം. ഒരു മന്ത്രിയും എംഎല്‍എയും ചേര്‍ന്ന്‌ സരിതയുടെ അമ്മ വഴിയാണ്‌ ഇതിനുള്ള പണം നല്‍കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജൂഡീഷറിയെ പോലും സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. നിയമവാഴ്‌ചയെ അട്ടിമറിക്കുന്നതിനെക്കുറിച്ച്‌ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളോട്‌ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കാന്‍ ബിജെപി ഒരു കാരണവശാലും അനുവദിക്കില്ല. വികസനത്തിന്‌ എതിരായതുകൊണ്ടല്ലയിത്‌, പരിസ്‌ഥിതിക്ക്‌ ദ്രേഹമെന്നതില്‍ ഉപരി സാംസ്‌കാരിക അധിനിവേശമായതിനാല്‍ കൂടിയാണ്‌ ബിജെപി പദ്ധതിക്ക്‌ എതിരുനില്‍ക്കുന്നത്‌. വിമാനത്താവളത്തിനെതിരെ ഉയര്‍ന്നുവരുന്ന ബഹുജന പ്രക്ഷോഭത്തെ വഴിതിരിച്ചു വിടാനാണ്‌ ശിവദാസന്‍ നായര്‍ എംഎല്‍എ ശ്രമിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ ക്രമസമാധാന പ്രശ്‌നമായി വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്‌. വിളിക്കാതെ സദ്യക്കു ചെന്ന എംഎല്‍എ നിലവിളക്ക്‌ കൊളുത്താന്‍ ശ്രമിച്ചതാണ്‌ വിഷയങ്ങള്‍ക്ക്‌ ഇടയാക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :