സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സിറ്റിംഗ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയക്കാനും പരിഗണനാവിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് പ്രതിപക്ഷം മുമ്പ് പറഞ്ഞതെന്നും ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി പറഞ്ഞു.
താന്‍ എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും വിട്ടുനില്‍ക്കില്ലെന്നും ജനസമ്പര്‍ക്ക പരിപാടി പോലുള്ളവ പാവങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കം പോലുള്ള ജനക്ഷേമപരമായ പരിപാടികളില്‍ മുഖ്യമന്ത്രിയെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുനര്‍ വിചിന്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സര്‍ക്കാരിന് സോളാര്‍ കേസുമായി യാതൊരു ബന്ധവുമില്ല. ഇതിന്റെ പേരില്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ രാജിവെയ്ക്കാത്തതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രതിപക്ഷം വ്യക്തമായ തെളിവുകള്‍ നിരത്തിയാല്‍ ആ നിമിഷം രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കെടുതിയില്‍ ഏറ്റവുമധികം ദുരുതം അനുഭവിക്കുന്ന ഇടുക്കി ജില്ലയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും നേതൃത്വത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ഇടുക്കി ജില്ലാകളക്ടര്‍ എന്നിവരുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും.
ധനസഹായമുള്‍പെടെയുള്ള നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും. മറ്റു ജില്ലകളിലെ മഴക്കെടുതി പരിശോധിക്കാനും വേണ്ട നടപടി സ്വീകരിക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.