കോണ്‍ഗ്രസ്സിലെ പദവികള്‍ എ ഐ ഗ്രൂപ്പുകള്‍ മാത്രമായി വീതിച്ചെടുക്കുന്നതിനെതിരെ സോണിയാഗാന്ധിക്ക് കത്ത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശിയാണ് പാര്‍ട്ടി അധ്യക്ഷയ്ക്ക് നിലവിലുള്ള നാല് ഗ്രൂപ്പുകള്‍ക്കും സ്ഥാനങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയത്. രമേശ് ചെന്നിത്തല നയിക്കുന്ന വിശാല ഐ ഗ്രൂപ്പിനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിനും 50-50 അനുപാതത്തില്‍ പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനെയാണ് കത്തില്‍ എതിര്‍ക്കുന്നത്.
ഈ രണ്ട് ഗ്രൂപ്പുകള്‍ കൂടാതെ മൂന്നാംഗ്രൂപ്പിനും നാലാംഗ്രൂപ്പിനും തിരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യമാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. എ. ഐ. ഗ്രൂപ്പുകള്‍ക്ക് മാത്രമായി സ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഇരുഗ്രൂപ്പുകാരും ഡി.സി.സി. പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടിട്ടുള്ള കാര്യവും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പാര്‍ട്ടിയിലെ എല്ലാ തലത്തിലുമുള്ള പദവികള്‍ തിരഞ്ഞെടുപ്പിലൂടെ നികത്തുക, നാമനിര്‍ദ്ദേശം ചെയ്യുന്ന രീതി നിര്‍ത്തുക, എ. ഐ. ഗ്രൂപ്പുകള്‍ക്ക് 50-50 അനുപാതത്തില്‍ പദവികള്‍ വീതിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കത്തില്‍ പാര്‍ട്ടി അധ്യക്ഷയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നുണ്ട്.