സൂര്യനെല്ലി പെണ്‍കുട്ടിക്ക് വീണ്ടും അവഗണന

സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സ്ത്രീസുരക്ഷയ്ക്ക് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനിടയിലും സൂര്യനെല്ലി പെണ്‍കുട്ടിക്ക് വീണ്ടും അവഗണന. ഡല്‍ഹികൂട്ടമാ‍നഭംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതി വരില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്‌ ഇക്കാര്യം രേഖാമൂലം നിയമസഭയെ അറിയിച്ചത്‌.

കേന്ദ്രം പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്‌ മുന്‍കാലപ്രാബല്യം ഇല്ലെന്ന്‌ മന്ത്രി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതിയില്‍ പുതുതായി ഒന്നും ഇല്ലാത്തതിനാല്‍ പുതിയ വെളിപ്പെടുത്തലായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഐഷാ പോറ്റി, തോമസ്‌ ഐസക്‌ തുടങ്ങിയ എംഎല്‍എമാരുടെ ചോദ്യത്തിന്‌ നല്‍കിയ മറുപടിയിലാണ്‌ ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

പെണ്‍കുട്ടി നല്‍കിയ പരാതി പരിശോധിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആരിഫലി, നിയമവകുപ്പ് സെക്രട്ടറി സി പി രാമരാജപ്രേമപ്രസാദ്, പെണ്‍കുട്ടിക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ പത്മനാഭന്‍ നായര്‍ എന്നിവര്‍ നല്‍കിയ നിയമോപദേശം സഭയുടെ മേശപ്പുറത്തുവച്ചു.

ഡിജിപിക്ക് ഇപ്പോള്‍ രാഷ്ട്രീയബന്ധമില്ലെന്നും പി ജെ കുര്യന്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു. അതേസമയം, കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുന്നുവോ എന്ന ചോദ്യത്തിന് തിരുവഞ്ചൂര്‍ മറുപടി നല്‍കിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :