സുരേഷ് ഗോപി കേരളത്തിലെ പ്രവീണ്‍ തൊഗാഡിയയാണെന്ന് ‘വീക്ഷണം’

കോഴിക്കോട്| Joys Joy| Last Modified വെള്ളി, 16 ജനുവരി 2015 (14:07 IST)
ചലച്ചിത്രനടന്‍ സുരേഷ് ഗോപി കേരളത്തിലെ പ്രവീണ്‍ തൊഗാഡിയ ആണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. വീക്ഷണത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സുരേഷ് ഗോപിയെ ഇങ്ങനെ വിമര്‍ശിച്ചിരിക്കുന്നത്. അഹങ്കാരത്തിന് ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയാകുമെന്നും സുരേഷ് ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയാകുമെന്നുമാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.

വിവരക്കേടിന്റെ തിടമ്പേന്തി ബി ജെ പി രാഷ്‌ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണ് സുരേഷ് ഗോപിയെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി നടത്തിയ പ്രചാരണത്തില്‍ ഹിന്ദുത്വപ്രസംഗം നടത്തിയ സുരേഷ് ഗോപി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ശിഷ്യപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ബി ജെ പിയിലേക്ക് എത്തിയ ശേഷം സുരേഷ് ഗോപി നിഘണ്ടുവില്‍ നിന്നും ഹിന്ദുസമാജം, ഹിന്ദുധര്‍മം തുടങ്ങിയ കുറേ വാക്കുകള്‍ മനപാഠമാക്കിയിട്ടുണ്ടെന്നും വിശുദ്ധമായ ഈ പദങ്ങള്‍ എപ്പോള്‍ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് സുരേഷ് ഗോപിക്ക് അറിയില്ലെന്നും മുഖപ്രസംഗം പറയുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതി ജനങ്ങളുടെ പദ്ധതിയായി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഹിന്ദുസമൂഹം മുന്നോട്ട് വരണമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെ, സുനന്ദ കേസില്‍ തരൂര്‍ രാജി വെയ്ക്കുകയാണെങ്കില്‍ സുരേഷ് ഗോപി ബി ജെ പിയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഒ രാജഗോപാല്‍ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :