കൊച്ചി|
സജിത്ത്|
Last Updated:
വ്യാഴം, 15 ജൂണ്‍ 2017 (11:50 IST)
തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണ്ടെന്ന് കൊച്ചി സിബിഐ കോടതി. ഫസലിന്റെ സഹോദരൻ അബ്ദുൾസത്താറാണ് തുടരന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം തുടരന്വേഷണം നടത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റസമ്മതമൊഴിയും പൊലീസിന്റെ കണ്ടെത്തലും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി കണ്ടെത്തി.
ഫസലിനെ വധിച്ചത് ആര്‍എസ്എസിന്റെ പ്രവര്‍ത്തകരായ നാലംഗ സംഘമാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നല്‍കിയത്. കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ ഈ വെളിപ്പെടുത്തല്‍.
അതേസമയം, ഫസൽ വധക്കേസിൽ പ്രചരിക്കുന്ന കുറ്റസമ്മതമൊഴി പൊലീസ് തന്നെ ക്രൂരമായി മർദിച്ചു പറയിച്ചതാണെന്നാണ് ആർഎസ്എസ് പ്രവർത്തകനായ കെ. സുബീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പൊലീസ് എഴുതി തയാറാക്കിയ മൊഴി ഒട്ടേറെ തവണ വായിപ്പിച്ചതിനു ശേഷമാണ് തന്നെക്കൊണ്ട് പറയിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. റിക്കോർഡ് ചെയ്യുന്നതിനിടെ സ്വാഭാവികത വന്നില്ലെന്നു പറഞ്ഞ് അഞ്ചു തവണയെങ്കിലും മാറ്റി റിക്കോർഡ് ചെയ്തതായും സുബീഷ് വ്യക്തമാക്കിയിരുന്നു.