സിന്ധു ജോയി വിവാഹിതയാകുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
സി പി എമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയി വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ ഒരു പ്ലാന്‍ററാണ് വരന്‍. ആറുമാസത്തിനകം വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലം മുമ്പാണ് ഈ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചത്. എന്നാല്‍ ഇക്കാര്യം ഏവരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ പെട്ട പ്രതിശ്രുതവരന്‍റെ നിര്‍ബന്ധം മൂലമാണ് സിന്ധു ജോയി സി പി എം ബന്ധം ഉപേക്ഷിച്ചതെന്നാണ് സൂചന. ഈ വിവാഹം തീരുമാനിച്ച ശേഷമാണ് സിന്ധു സി പി എമ്മുമായി കൂടുതല്‍ അകന്നത്. മാത്രമല്ല, ഉമ്മന്‍‌ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനുമായി അടുത്തിടെ ഉടലെടുത്ത സൌഹൃദവും കോണ്‍ഗ്രസിലേക്കുള്ള വരവിന് അരങ്ങൊരുക്കി.

എസ് എഫ് ഐയിലും പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുമ്പോഴും കടുത്ത ഈശ്വര വിശ്വാസിയായിരുന്നു സിന്ധു ജോയി. താന്‍ മരിച്ചാല്‍ ഏതെങ്കിലും പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കപ്പെടാനല്ല, സെമിത്തേരിയില്‍ സംസ്കരിക്കണമെന്നുള്ളതുകൊണ്ടാണ് സി പി എം വിട്ടതെന്ന് കഴിഞ്ഞ ദിവസം സിന്ധു ജോയി വ്യക്തമാക്കിയിരുന്നു.

മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുള്ളതാണ് സിന്ധു ജോയിയുടെ കുടുംബം. അങ്ങനെയുള്ള സിന്ധു സി പി എമ്മില്‍ തുടരുന്നതിനോട് പ്രതിശ്രുത വരനും കുടുംബത്തിനുമുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പ് സമയത്തുതന്നെ കോണ്‍ഗ്രസിലേക്ക് മലക്കം മറിഞ്ഞതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :