സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസ് പിടിയിലായ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും സംഘത്തെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
കൊല്ലത്തുനിന്നും കമിതാക്കളെ പിന്തുടര്‍ന്ന് കോഴിക്കോടെത്തിയ സലിംരാജിനെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് എ പ്രദീപ് കുമാര്‍ എം എല്‍ എ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടതോടെ സലിംരാജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമാകുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് സലിംരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നോവ കാറിലെത്തിയ സലിംരാജ് ഉള്‍പ്പെടുന്ന ഏഴംഗ സംഘം ഒരു സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്ന് കാറിലുണ്ടായിരുന്ന സ്ത്രീയെ ബലമായി പിടിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ ഇടപെട്ടത്. കാറിലെത്തിയ സംഘം സ്ത്രീയെ ബലമായി പിടിച്ചിറക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ നാട്ടുകാരുമായി സലിംരാജ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. താന്‍ പൊലീസാണെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനാണെന്നും പറഞ്ഞു. മാത്രമല്ല, നിലവില്‍ സസ്പെന്‍ഷനിലുള്ള സലിംരാജ് പൊലീസ് ഐ ഡി കാര്‍ഡ് ജനങ്ങളെ കാണിച്ചു.
ഒരു മണിക്കൂറോളം സലിംരാജിനെയും സംഘത്തേയും തടഞ്ഞുവെച്ച നാട്ടുകാര്‍ പ്രദീപ് കുമാര്‍ എംഎല്‍എ സ്ഥലത്തെത്തിയതോടെയാണ് ശാന്തരായത്. തുടര്‍ന്നാണ് സലിംകുമാറിനെയും സംഘത്തെയും പൊലീസിന് കൊണ്ടുപോകാനായത്. എന്തിനാണ് സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നതെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സലിംരാജ് പറഞ്ഞത്.
തന്റെ ഒരു അകന്ന ബന്ധുവിനെ വിവാഹം കഴിക്കാതെ തട്ടിക്കൊണ്ടുവന്നതിനെയാണ് ചോദ്യംചെയ്തതെന്ന് സലിംരാജ് ആദ്യം പറഞ്ഞു. പിന്നീട് സ്വത്ത് തര്‍ക്കമാണെന്ന് മാറ്റിപ്പറഞ്ഞു. തന്റെ കുടുംബാംഗമായ കുട്ടിയെ കുറേ നാള്‍ മുമ്പ് കാണാതായതാണെന്നും തിരികെ വിളിച്ചുകൊണ്ടു പോകാന്‍ വന്നതാണെന്നും സലീംരാജ് ഒരുഘട്ടത്തില്‍ പറഞ്ഞു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനാണ് കൊണ്ടപോകുന്നതെന്നും സലീം രാജ് പറഞ്ഞു.