സര്‍ക്കാര്‍ സര്‍വീസിലെ വികലാംഗരുടെ കുടിശിക ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: | WEBDUNIA| Last Modified ബുധന്‍, 22 മെയ് 2013 (17:45 IST)
PRO
PRO
വികലാംഗര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള മൂന്നു വര്‍ഷത്തെ ഉടന്‍ നികത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതേനയം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളും പിന്തുടരണം. ഇതോടൊപ്പം ഇവരുടെ സേവനത്തിനായി വരുന്ന സന്നദ്ധസംഘടനകള്‍ക്കു സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ല പഞ്ചായത്ത് കാക്കനാട് ജില്ല പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മുചക്രവാഹന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് മൂന്നു ശതമാനം സര്‍ക്കാര്‍ സേവനത്തില്‍ അനുവദിച്ചിരുന്ന സംവരണമനുസരിച്ച് ഈ സര്‍ക്കാര്‍ വന്നപ്പോള്‍ 1188 ഒഴിവുണ്ടായിരുന്നത് പി എസ് സി വഴി നികത്തിയതിനുപുറമെയാണ് നേരത്തെ ജോലി ചെയ്തവരെക്കൂടി കണ്ടെത്തി പുതിയ തസ്തികയുണ്ടാക്കി സര്‍ക്കാര്‍ സേവനത്തിന് നിയോഗിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

2,677 പേര്‍ക്കാണ് പുതുതായി നിയമനം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാരീരികവൈകല്യമുള്ളവര്‍ക്ക് സമൂഹത്തിനായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു വിചാരിക്കരുത്. അവരുടെ വൈകല്യം പരമാവധി കുറക്കാന്‍ സമൂഹത്തിന് ചെയ്യാന്‍ കഴിയുന്നതിന് നമുക്ക് ബാധ്യതയുണ്ട്. ഏതെല്ലാം തലത്തില്‍ അവര്‍ക്ക് സഹായം എത്തിക്കാന്‍ കഴിയുമെന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

200 കുട്ടികളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി വിജയകരമായി നടത്തിയതിനൊപ്പം ഇനി ആവശ്യമുള്ളവര്‍ക്കെല്ലാം ഈ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ആവശ്യമുള്ളവരെ തിരിച്ചറിയുക, ശസ്ത്രക്രിയ, സ്പീച്ച് തെറാപ്പി എന്നീ മൂന്നുഘട്ടങ്ങള്‍ ശ്രദ്ധിച്ചാല്‍ കേരളത്തില്‍ ഇനി ജനിക്കുന്ന ഒരു കുഞ്ഞിനുപോലും ഈ വൈകല്യമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് വികലാംഗര്‍ക്ക് മുചക്രവാഹനത്തിനായി ആവശ്യമുയര്‍ന്നത്.

കൊച്ചി കപ്പല്‍ശാലയുടെ സഹായത്തോടെ 18 പേര്‍ക്ക് മുചക്രവാഹനം നല്‍കിയിരുന്നു. സര്‍ക്കാരിന് ഇതുപോലൊരു പദ്ധതിയില്ലാത്തതിനാലാണ് ജില്ല പഞ്ചായത്തുകളോട് ഇതേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം, പത്തനംതിട്ട ജില്ല പഞ്ചായത്തുകള്‍ പദ്ധതിയില്‍പെടുത്തി വിതരണം ചെയ്തു. എറണാകുളം ജില്ല പഞ്ചായത്തുള്‍പ്പടെ ഇന്ന് എല്ലാവരും ഇതേറ്റെടുത്തിട്ടുള്ളത് മഹത്തായ കാര്യമാണ്. ശാരീരികവെല്ലുവിളി ഉള്ളവര്‍ക്ക് വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് സഹായം ചെയ്യേണ്ടതെന്ന തത്വം ഇവിടെ സാര്‍ഥകമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :