സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷ്യനുണ്ടോ?: കോടതിക്ക് സംശയം!

കൊച്ചി| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിതാ എസ് നായര്‍ക്ക് ജയിലില്‍ ബ്യൂട്ടീഷ്യനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് സംശയം. ഒരു ബ്യൂട്ടീഷ്യന്‍ ഒരുക്കുന്നതുപോലെ ഒരുങ്ങി എങ്ങനെയാണ് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു.

ദേശീയപാത ഒഴിവാക്കി പുതുപ്പള്ളിയിലൂടെ സരിതാ നായരുമായി പൊലീസ്‌ യാത്ര ചെയ്തത് എന്തിനെന്ന് കോടതി ചോദിച്ചു. സരിതയ്ക്ക് ജയിലില്‍ വലിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ? ഭരണനേതൃത്വവും മാഫിയയും തമ്മില്‍ ബന്ധമുണ്ടോ എന്നും കോടതി സംശയമുന്നയിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജ് ഉള്‍പ്പെടുന്ന കടകം‌പള്ളി - കളമശ്ശേരി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിന്‍റെ വാദത്തിനിടെയാണ് ഹൈക്കോടതി ഈ സംശയങ്ങള്‍ ചോദിച്ചത്. വാക്കാലുള്ള പരാമര്‍ശങ്ങളാണ് കോടതിയില്‍ നിന്നുണ്ടായത്.

അതേസമയം, സരിതാ നായരുമായി പുതുപ്പള്ളിയിലൂടെ പൊലീസ്‌ യാത്ര ചെയ്തത് എം സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ചെന്നിത്തല ‘പുതുപ്പള്ളി യാത്ര’യെ വീണ്ടും ന്യായീകരിച്ചത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മാത്രമാണ് ഏറ്റുമാനൂര്‍-പാല-പുതുപ്പള്ളി വഴി യാത്രചെയ്തത്. യാത്രയ്ക്കിടെ മൈലക്കാട് ഒരു ‘വീട് ഹോട്ടലില്‍’ നിന്ന് സരിതയ്ക്ക് ഭക്ഷണം വാങ്ങി നല്‍കി. സരിതയെ കണ്ട് നാട്ടുകാര്‍ ചിലര്‍ കൂടുകയും ചിത്രമെടുക്കുവാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തപ്പോള്‍ അതിന് അനുവദിക്കാതെ അവരുമായി പൊലീസ് മടങ്ങുകയും ചെയ്തു - രമേശ് ചെന്നിത്തല വിശദീകരിച്ചു.

സരിതയെ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിന് പുതുപ്പള്ളി വഴി യാത്ര ചെയ്തത് വിവാദമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :