പുത്തൂര്‍ ഷീലാവധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നു സി ബി ഐ എറണാകുളം സി ജെ എം കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ടു സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
മുരുകേശന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം നല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് അടുത്തമാസം ഏഴിനു പരിഗണിക്കും. ചെന്നൈ യൂണിറ്റിലെ ഡി വൈ എസ് പി ജയകുമാറാണ് സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന സി ബി ഐ ഉദ്യോഗസ്ഥനായ ഹരിദത്ത് ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ജയകുമാറിന് അന്വേഷണ ചുമതല നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട മാനസീക പീഡനം മൂലമാണ് ഹരിദത്ത് ജീവനൊടുക്കിയത്. സമ്പത്ത് വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം അടുത്തുവരവെയാണ് ഹരിദത്തിന്‍റെ മരണം സംഭവിച്ചത്.