സമ്പത്തിന്‍റെ മരണം പൊലീസ് മര്‍ദ്ദനം മൂലം

പാലക്കാട്| WEBDUNIA|
PRO
പാലക്കാട് പുത്തൂരില്‍ ഷീല എന്ന വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന പ്രതി സമ്പത്ത് മരിക്കാനിടയായത് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സമ്പത്തിന്‍റെ ശരീരത്തില്‍ ചെറുതും വലുതുമായ അറുപത്തിമൂന്ന് മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയിലേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും തലച്ചോറിന് ക്ഷതമുണ്ടായി രക്തം വാര്‍ന്നായിരുന്നു സമ്പത്തിന്‍റെ മരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലയില്‍ ഏഴുവലിയ മുറിവുകളും അഞ്ച് ചെറിയ മുറിവുകളും ഉണ്ടായിരുന്നു. മര്‍ദ്ദനത്തിന്‍റെ ഫലമായി തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നതായും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. പ്രസന്നന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തറയിലോ ചുമരിലോ ചേര്‍ത്ത് മര്‍ദ്ദിക്കുകയോ വലിച്ചിഴയ്ക്കുകയോ ചെയ്തതിന്‍റെ പാടുകളും സമ്പത്തിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു. പത്തൊമ്പത് പേജുകളുള്ള റിപ്പോര്‍ട്ടില്‍ മര്‍ദ്ദനത്തിന് ഉപയോഗിച്ച ആയുധങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്. ആറ് മുഖങ്ങളുള്ള ലാത്തി പോലുള്ള ആയുധം കൊണ്ട് മൂന്ന് മുറിവുകളും ലാത്തികൊണ്ട് പത്ത് മുറിവുകളും ശരീരത്ത് ഉണ്ടായിരുന്നു.

പത്തിലധികം സ്ഥലങ്ങളില്‍ ഷൂ കൊണ്ട് ചവുട്ടിയ പാടുകള്‍ ഉണ്ട്. നഖം കൊണ്ടുള്ള മുറിവുകളും സമ്പത്തിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു സമ്പത്തിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :