കാഞ്ഞങ്ങാട്|
WEBDUNIA|
Last Modified ശനി, 10 മാര്‍ച്ച് 2012 (15:55 IST)
PRO
PRO
നിയമന വിവാദത്തില്‍ അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതി സത്യത്തെ ഞെരിച്ചുകൊല്ലുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വി ഡി സതീശന്‍ അധ്യക്ഷനായ സമിതി അസത്യം ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയായിരുന്നെന്നും വി എസ് കുറ്റപ്പെടുത്തി.
ആരോപണം ഉയര്‍ത്തികൊണ്ടുവന്ന പി സി വിഷ്ണുനാഥ് നിയമസഭയില്‍ പരസ്യമായി മാപ്പുപറയുന്നത് ഒഴിവാക്കാനായിരുന്നു ഈ നീക്കമെന്നും വി എസ് കുറ്റപ്പെടുത്തി. സ്വന്തം കക്ഷിയോടുള്ള താല്‍പര്യം കൊണ്ട് സത്യത്തെ ഞെരിച്ചുകൊല്ലുകയായിരുന്നു കമ്മറ്റി ചെയ്തത്. പൊതു ജീവിതത്തില്‍ ഇത് ആദ്യ അനുഭവമാണെന്നും വി എസ് പറഞ്ഞു.
അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച സതീശന്‍ കമ്മറ്റി അരുണ്‍കുമാറിന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കമ്മറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഇതിനോട് വിയോജിപ്പറിയിച്ചിരുന്നു.